ജയ്പുർ: ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെമി ഹൈസ്പീഡ് ട്രെയിൻ കടന്നുപോകുന്ന പാളത്തിൽ കല്ലുകളും ഇരുമ്പ് ദണ്ഡും മറ്റുവസ്തുക്കളം നിരത്തിവെച്ചാണ് അജ്ഞാതർ അപകടത്തിന് ശ്രമിച്ചത്. പാളത്തിലെ കല്ലുകൾ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പിടിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാർ ഇറങ്ങി പാളത്തിൽനിന്ന് കല്ലുകൾ മാറ്റുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
രാജസ്ഥാനിലെ ഭിൽവാരയിൽ ഇന്നലെ രാവിലെയാണ് സംഭവം. ഗംഗാരാർ – സോനിയാന സെക്ഷനിലെ പാളത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. ഗംഗാരാർ സെക്ഷൻ പരിധിയിൽപ്പെടുന്ന സ്ഥലത്താണ് പാളത്തിൽ നിറയെ കല്ലുകളും മറ്റുവസ്തുക്കളും നിരത്തിവച്ചത്. സംഭവത്തിൽ ആർപിഎഫ് റെയിൽവേ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ സിപിആർഒ ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
20979 നമ്പർ ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് കടന്നുവരുന്നതിനിടെയാണ് ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ചത്. കൃത്യസമയത്ത് എമർജൻസി ബ്രേക്ക് പിടിച്ചില്ലായിരുന്നെങ്കിൽ ട്രെയിൻ പാളം തെറ്റിയേക്കുമായിരുന്നെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ആർപിഎഫിന്‍റെയും പോലീസിന്‍റെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
റെയിൽവേ ഉദ്യോഗസ്ഥർ പാളത്തിൽനിന്ന് കല്ലുകൾ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലുള്ള ദിവസമാണ് വന്ദേ ഭാരത് അട്ടിമറിക്കാൻ ശ്രമം നടന്നത്. സെപ്റ്റംബർ 24നായിരുന്നു ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോജി ഫ്ലാഗ് ഓഫ് ചെയ്തത്.
ആറു മണിക്കൂർ 15 മിനിറ്റ് കൊണ്ട് 435 കിലോമീറ്റർ താണ്ടുന്ന രീതിയിലാണ് ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കല്ലേറ് നടക്കുന്നതിനിടെയാണ് പാളത്തിൽ കല്ലുകൾ വെച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമവും.