ഡൽഹി:പാലിനും മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ച് അമുല്‍. രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത ചെലവ് വര്‍ധിച്ചതുമൂലമുള്ള ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമെന്ന് കമ്പനി വ്യക്തമാക്കി. നാളെ മുതല്‍ അമുല്‍ ഗോള്‍ഡ് പാലിന് 500 മില്ലിക്ക് 29 രൂപയാകും. അമുല്‍ താരക്ക് 23 രൂപയും അമുല്‍ ശക്തിക്ക് 26 രൂപയുമാകും.
ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാല്‍ വില വര്‍ധനവ് കുറവാണെന്നും കമ്പനി വ്യക്തമാക്കി. ഒന്നര വര്‍ഷം മുമ്പാണ് പാല്‍ വില വര്‍ധിപ്പിച്ചത്. പാലിന് പുറമെ ഓയില്‍, സോപ്പ്, ചായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയും അമുല്‍ വര്‍ധിപ്പിച്ചു. ഇന്ധനം, പാക്കിങ്, ലോജിസ്റ്റിക്‌സ് തുടങ്ങി എല്ലാ മേഖലയിലും ചെലവ് വര്‍ധിച്ചെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പാലിനും വില കൂട്ടി നല്‍കിയിരുന്നു. ഇന്ധന വില വര്‍ധനയെ തുടര്‍ന്നാണ് ഗതാഗതത്തിന് ചെലവ് കൂടിയത്. രാജ്യത്ത് പലയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിരുന്നു.