കൊച്ചി: തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവിനെ പൊളിച്ചടുക്കി കളമശേരി എസ്‌ഐ അമൃത് രംഗന്‍. കുസാറ്റില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ഥിയെ പൊലീസ് ജീപ്പില്‍ കയറ്റിയതിനാണ് എസ്‌ഐയെ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. എസ്എഫ്‌ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാര്‍ഥിയെ പിടിച്ചു പോലീസ് ജീപ്പില്‍ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറി എസ്‌ഐയെ വിളിച്ചത്. പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നും കളമശേരിയില്‍ നിങ്ങള്‍ മാത്രമല്ല, ഇതിനു മുമ്പു പലരും എസ്‌ഐ ആയി വന്നിട്ടുണ്ടെന്നും നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതാണെന്നും അവരൊന്നും ഇങ്ങനെ ഇടപെടില്ലെന്നും തനിക്ക് കൊമ്പുണ്ടോ എന്നും സക്കീര്‍ ഹുസൈന്‍ ചോദിച്ചു.
എന്നാല്‍ സൈഡ് ചേര്‍ന്ന് സംസാരിക്കാനാണെങ്കില്‍ തനിക്കൊന്നും പറയാനില്ലെന്ന് എസ്‌ഐ പറഞ്ഞതോടെ സക്കീര്‍ ഹുസൈന്‍ എസ്‌ഐക്ക് നേരെ ഭീഷണി സ്വരം ഉയര്‍ത്തി. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ നിന്നും രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസിലാക്കി ഇടപെടുന്നത് നന്നാകുമെന്ന് സക്കീര്‍ ഹുസൈന്‍ പറയുകയുണ്ടായി.
ഇതിന് മറുപടിയായി ഞാന്‍ നേരെ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണെന്നും ഒരു പാര്‍ട്ടിയോടും കൂറില്ലെന്നും ഇവിടെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ലെന്നും എസ്‌ഐ പറഞ്ഞു. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല. ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടല്ല കളമശേരിയില്‍ വന്നിരിക്കുന്നത്. ഇതില്‍ കൂടുതല്‍ മാന്യമായി എങ്ങനെയാണ് പെരുമാറേണ്ടത്. നിങ്ങളുടെ ചുമതലയുള്ള പയ്യനെ ഞാന്‍ അമിനിറ്റി സെന്ററില്‍ കൊണ്ടാക്കിയെന്നും എസ്‌ഐ അറിയിച്ചു. ഞാന്‍ ഏറ്റവും മാന്യമായാണ് നിങ്ങളോട് സംസാരിച്ചത്. നിങ്ങള്‍ എന്താണെന്നു വച്ചാല്‍ ചെയ്‌തോളു. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ടെസ്റ്റെഴുതി പാസായതാണ്. അതുകൊണ്ട് നല്ല ധൈര്യമുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളെ കൊണ്ട് ഇരുത്ത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും എസ്‌ഐ പറയുകയുണ്ടായി.