കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം കൊല്‍ക്കത്തന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച അംഫാന്‍ ചുഴലിക്കാറ്റില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടം. വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ഈ മരം നേരയാക്കുന്ന ചിത്രം ഗാംഗുലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.
അംഫാന്‍ ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടമാണ് പശ്ചിമ ബംഗാളില്‍ ഉണ്ടായത്. തീരദേശ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. 12 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ തകര്‍ന്നു.കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. വിമാനത്താവളം മുങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.
വിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും റണ്‍വേയുമെല്ലാം വെള്ളത്തിന് അടിയിലായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രണ്ട് മാസമായി യാത്രാ വിമാനങ്ങളൊന്നും ഇല്ല. ചരക്ക് വിമാനങ്ങളും ആളുകളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും മാത്രമാണ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ മുന്‍കരുതലിനായി അടച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അറിയിപ്പ് നല്‍കിയിരിക്കുന്നു. സൂപ്പര്‍ സൈക്ലോണായി മാറിയതോടെയാണ് കൊടുങ്കാറ്റ് ഇത്രയധികം നാശനാഷ്ടമുണ്ടാക്കിയത്.
ഇന്നലെ രാത്രി വരെ ഒഡീഷയില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2 മാസം പ്രായമുള്ള കുഞ്ഞ് ഭദ്രക് ജില്ലയില്‍ മതിലിടിഞ്ഞ് മരിച്ചു. ബലസോറില്‍ ഒരു സ്ത്രീയും മരിച്ചതായാണ് വിവരം.
ബംഗ്ലാദേശിലും സ്ഥിതി വിഭിന്നമല്ല. ആറ് മരണങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ വീണും മറ്റുമാണ് ആളുകള്‍ മരിച്ചത്. ഒരു വളണ്ടിയര്‍ മുങ്ങി മരിച്ചു. മൂന്ന് ദശലക്ഷം ആളുകള്‍ക്ക് രാജ്യത്ത് വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.