ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പ്രചരണമെന്ന് ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് കുറിച്ച ബിജെപി നേതാവ് മനോജ് തിവാരിയുടെ ട്വീറ്റ് നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. കഴിഞ്ഞ ആഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹരിയാനയിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അമിത് ഷാ.
അമിത് ഷാ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ‘രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഞാന്‍ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
ഒരാഴ്ചയ്ക്കിടെ അമിത് ഷായ്ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിശദീകരണത്തിന് പിന്നാലെ മനോജ് തിവാരി ട്വീറ്റ് നീക്കം ചെയ്തു.