24.7 C
Kottayam
Sunday, May 19, 2024

പമ്പാ ഡാം തുറന്നു; പത്തനംതിട്ടയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

Must read

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കുമെന്നാണ് വിവരം. എട്ട് മണിക്കൂര്‍ ഷട്ടറുകള്‍ തുറന്നിടും. ആറു ഷട്ടറുകളും രണ്ട് അടി വീതമാണ് തുറക്കുക. ഇതേതുടര്‍ന്നു പത്തനംതിട്ടയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. റാന്നി ടൗണിലേക്ക് അഞ്ചു മണിക്കൂറിനകം വെള്ളം എത്തുമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജമാണ്. തിരുവല്ലയില്‍ ആറു ബോട്ടുകളും പന്തളത്ത് രണ്ടു ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.

പമ്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിംഗ് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നില്‍ക്കാന്‍ കാരണം പമ്പ റിസര്‍വോയറിനെയും കക്കി റിസര്‍വോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്.

ഇത്തരത്തില്‍ പമ്പയില്‍ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് വെള്ളമാണ്. നിലവില്‍ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് വെള്ളമാണ്. ചെറിയതോതില്‍ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററില്‍നിന്നും ബ്ലൂ അലര്‍ട്ട് ലെവല്‍ എന്ന 982 മീറ്ററില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week