പുതുച്ചേരി: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിടാതെ പിന്തുടര്ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത്ഷായുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി വകുപ്പ് ആരംഭിച്ചതാണ്. അവധിയിലായത് കൊണ്ടാകാം രാഹുല്‍ ഇക്കാര്യം അറിയാതിരുന്നതെന്നും അമിത്ഷാ പരിഹസിച്ചു.
പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഒരു പാര്‍ട്ടിയുടെ ലോക്സഭയിലുള്ള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ- അമിത് ഷാ ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉള്ളതായി അറിയില്ലെന്ന പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.