InternationalNews

എണ്ണ, വാതക ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക; റഷ്യന്‍ ഇന്ധനം ഉപേക്ഷിക്കാന്‍ യൂറോപ്പും

വാഷിങ്ടണ്‍: റഷ്യന്‍ സേന യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് അമേരിക്ക. യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുന്നതായി ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

‘ഇന്ന്, റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സ് അമേരിക്ക ലക്ഷ്യമിടുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘റഷ്യന്‍ എണ്ണയുടെയും വാതക ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങള്‍ നിരോധിക്കുകയാണ്. അതിനര്‍ത്ഥം റഷ്യന്‍ എണ്ണ ഇനി യു.എസ്. തുറമുഖങ്ങളില്‍ സ്വീകരിക്കില്ല.

പുതിന്റെ നടപടികള്‍ക്കുമേല്‍ അമേരിക്കന്‍ ജനത ശക്തമായ പ്രഹരം ഏല്‍പ്പിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരോധനം റഷ്യന്‍ കല്‍ക്കരിയ്ക്കും ബാധകമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രകൃതിവാതക വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.

അതേസമയം, ഊര്‍ജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) രാജ്യങ്ങളും ആലോചിക്കുകയാണ്. യുക്രൈന്‍ അധിനിവേശം പോലുള്ള ഭൗമ- രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. വാതകങ്ങള്‍, എണ്ണ, കല്‍ക്കരി എന്നിവയ്ക്കായി റഷ്യയെ ആശ്രയിക്കുന്നത് കഴിയുംവേഗം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച പാരീസില്‍ചേര്‍ന്ന ഇ.യു. യോഗത്തില്‍ കരടുപ്രഖ്യാപനമിറക്കി.

വാതക ഇറക്കുമതി ഇക്കൊല്ലംതന്നെ മൂന്നിലൊന്നായി കുറയ്ക്കാനും 2030-ഓടെ സ്വയംപര്യാപ്തമാകാനും യൂണിയന്‍ പദ്ധതിയിടുന്നു എന്നാണറിയുന്നത്. യൂറോപ്പില്‍ നിലവില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം വാതകവും റഷ്യയില്‍നിന്നാണെത്തുന്നത്; എണ്ണയുടെ നാലിലൊന്നും. രണ്ടുദിവസത്തെ ഇ.യു. സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും.

അതേസമയം മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കീവ്, ചെര്‍ണിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിര്‍ത്തല്‍.

അതിനിടെ, സുമിയില്‍ നിന്ന് ഒഴിപ്പിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കും. പോള്‍ട്ടാവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവിവില്‍ എത്തിക്കുന്ന 694 വിദ്യാര്‍ത്ഥികളെയും യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി.

ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്. ഡല്‍ഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button