പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ കൊലക്കേസ് കേസ് പ്രതി. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ പറഞ്ഞു.
ദാര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടി. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി അടൂരുള്ള ബന്ധു വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിക്കും കൊവിഡ് പോസിറ്റീവ് ആയതോടെ ആംബുലന്‍സില്‍ പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു.
ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തേക്ക് കൊണ്ടുപോയത്. ഈ സമയം പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. ആംബുലന്‍സ് ഒരു ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടശേഷമാണ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.