തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിൻ്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.
തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസുമായാണ് കൂട്ടി ഇടിച്ചത്.
ഉടൻ മറ്റ് രണ്ട് ആംബുലൻസുകൾ എത്തിച്ചു. പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഷിഫാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വയറിൻ്റെ ഭാഗത്തും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.


