ബാത്ത്‌റൂമിലെ ഇരിപ്പിടത്തേക്കാള്‍ വൃത്തിഹീനം; സ്മാര്‍ട്ട്‌ഫോണുകള്‍ അണുവിമുക്തമാക്കുന്നതിങ്ങനെ

കൊച്ചി:ആധുനിക ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഗാഡ്‌ജെറ്റ് ആണ് മൊബൈല്‍ഫോണ്‍ ശുചിത്വം പാലിക്കാന്‍ കൈകള്‍ വൃത്തിയായി കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്ക് ധരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും നമ്മള്‍ വൃത്തിയാക്കാന്‍ മറക്കുന്ന ഒന്നുണ്ട്. നമ്മുടെ ഫോണുകള്‍. ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ നിങ്ങളുടെ സ്മാര്‍ട്‌ഫോണിന് മേല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടോയ് ലറ്റില്‍ ഇരിക്കുമ്പോള്‍ മുതല്‍ ഭക്ഷണം കഴിക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ വരെ നമ്മള്‍ ഫോണ്‍ എടുക്കാറുണ്ട്. ദിവസവും എപ്പോഴും സ്പര്‍ശിക്കുന്ന വസ്തുവെന്ന നിലയില്‍ അതില്‍ അത്രയേറെ അഴുക്ക് പറ്റിയിട്ടുണ്ടാവും. ഫോണ്‍ വൃത്തിയാക്കുന്നതിനെ കുറിച്ച് പലരും ആലോചിക്കാറുമില്ല.

ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളും ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായി ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയചുന്നു. നിങ്ങളുടെ ശരീരത്തിന്റെ ചൂട്, ഭക്ഷണാവശിഷ്ടങ്ങള്‍, മേക്കപ്പ്, നിരന്തരമായ ഉപയോഗം എന്നിവ സൂക്ഷ്മാണുക്കള്‍ വളരാന്‍ അനുയോജ്യമായ അന്തരീക്ഷം നല്‍കുന്നു.

ആവശ്യത്തിന് ചൂടും ഈര്‍പ്പവും ലഭിക്കുന്നതിനാല്‍ ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇടമാണ് സ്മാര്‍ട്‌ഫോണുകള്‍. ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും വായിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം കലരാം.

ഫോണ്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?

1. ദിവസവും അണുവിമുക്തമാക്കുക

ഫോണ്‍ ഓഫ് ചെയ്ത്, കേസ് അഴിച്ചുവെച്ചതിന് ശേഷം 70% ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ വൈപ്പുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്ത മൈക്രോഫൈബര്‍ തുണി ഉപയോഗിച്ചോ എല്ലാ ദിവസവും നിങ്ങളുടെ ഫോണ്‍ തുടയ്ക്കുക. അധികം ദ്രാവകം ഉപയോഗിക്കരുത്, ഈര്‍പ്പം ചിലപ്പോള്‍ ഫോണിന്റെ ആന്തരിക ഭാഗങ്ങള്‍ കേടുവരുത്തും.

2. ഫോണ്‍ കേയ്‌സും വൃത്തിയാക്കുക

ഫോണിന്റെ കേയ്‌സും സമാനമായ രീതിയില്‍ വൃത്തിയാക്കാം. സിലിക്കണ്‍ കേയ്‌സുകള്‍ പോലുള്ള നനയ്ക്കാന്‍ പറ്റുന്ന കേയ്‌സ് ആണെങ്കില്‍ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം. ലെതര്‍ കേയ്‌സുകള്‍ സാനിറ്റൈസര്‍ വൈപ്പുകളോ മറ്റ് ക്ലെന്‍സറോ ഉപയോഗിച്ച് വൃത്തിയാക്കാം.

3. ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ടുപോകരുത്

ബാത്ത്‌റൂം ഒരു ബാക്ടീരിയ ഹോട്ട്‌സ്‌പോട്ടാണ്. മലമൂത്ര വിസര്‍ജ്യത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ ഫോണില്‍ പറ്റാന്‍ ഇത് ഇടയാക്കും. അത് പിന്നീട് കൈകളിലേക്കും മുഖത്തേക്കും തിരിച്ചും സഞ്ചരിക്കും. ഫോണുകള്‍ പുറത്ത് വെച്ചതിന് ശേഷം ബാത്ത്‌റൂമില്‍ അല്ലെങ്കില്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കാം.

4. ഫോണ്‍ സാനിറ്റൈസര്‍ ബോക്‌സ് ഒരുക്കാം

ശുചിത്വം ഗൗരവമായി കാണുന്ന ആളാണെങ്കില്‍ ഒരു യുവി സാനിറ്റൈസര്‍ ബോക്‌സ് കയ്യില്‍ വെക്കാം രാസവസ്തുക്കള്‍ ഇല്ലാതെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഫോണിന് മേലുള്ള ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത് സഹായിക്കും.

5. ആദ്യം കൈകള്‍, പിന്നെ ഫോണ്‍

ഫോണ്‍ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുന്നത് ശീലമാക്കാം. പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്നതിന് മുമ്പ്. കൈകള്‍ വൃത്തിയുള്ളതാണെങ്കില്‍ ഫോണും വൃത്തിയായിരിക്കും.

ഇനി കൈകള്‍ വൃത്തിയാക്കുന്നതിനൊപ്പം ഫോണുകളും വൃത്തിയാക്കാന്‍ ശ്രദ്ധിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News