രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

തൃശൂര്‍: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ രോഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അജയ കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ തട്ടിയാണ് ആംബുലന്‍സ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലില്‍ ചെന്നിടിച്ചാണ് മറിഞ്ഞത്. മതില്‍ പൂര്‍ണമായി തകര്‍ന്നു.

ഏറെ പണിപ്പെട്ടാണ് ഡോണയേയും അജയനേയും ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്തത്. വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാര്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News