കൊച്ചി: എടയപ്പുറത്ത് ബാലികയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കാൻ സാധ്യത. മറുനാടൻ തൊഴിലാളികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നത്. കുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റിൻ രാജ് മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈൽ ഫോൺ മറുനാടൻ തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത് ഇവരാണ്.
തന്റെ സഹായികളെ കാണാനായി കുട്ടി താമസിച്ചിരുന്ന വീടിനടുത്ത് ക്രിസ്റ്റിൻ രാജ് എത്താറുണ്ടായിരുന്നു. ഇടയ്ക്ക് അവരുടെ താമസ സ്ഥലത്ത് തങ്ങുകയും ചെയ്തു. പലതവണ വന്നപ്പോൾ കുട്ടിയെ നേരത്തേ കണ്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് കൃത്യം നടന്ന സമയത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ഇത് ക്രിസ്റ്റിൻ രാജിന്റെ സഹായികൾക്ക് നേരത്തേ അറിയാമായിരിക്കാമെന്നാണ് പോലീസ് നിഗമനം. ഗൃഹനാഥൻ ഇല്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ക്രിസ്റ്റിൻ രാജിനെ പ്രേരിപ്പിച്ചത് ഇവരാണോയെന്ന് അന്വേഷിക്കുന്നുണ്ട്.കസ്റ്റഡിയിലുള്ളവരുടെ പൂർണ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഒന്നര മാസം മുൻപ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കടയിലെ മറുനാടൻ തൊഴിലാളികളെ തിരുവനന്തപുരം സ്വദേശി ആക്രമിച്ചിരുന്നു. മോഷ്ടാവ് കൂടിയായ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. സമാന കുറ്റകൃത്യം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിക്ക് ക്രിസ്റ്റിൻ രാജുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒരാഴ്ച മുൻപ് പെരുമ്പാവൂരിൽ നടന്ന മോഷണ ശ്രമത്തിലും പോക്‌സോ കേസിലും ക്രിസ്റ്റിൻ രാജിനെ അറസ്റ്റ് ചെയ്തേക്കും. രാത്രി വീട്ടിൽ കുടുംബാംഗങ്ങൾ കിടന്നുറങ്ങുമ്പോളാണ് മോഷണ ശ്രമം ഉണ്ടായത്. ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ പരാതി ഉണ്ടാകാത്തതിനാൽ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
എന്നാൽ, സമാന രീതിയിൽ ആലുവയിൽ മോഷണവും പീഡനവും നടന്നതോടെ ക്രിസ്റ്റിൻ രാജിലേക്ക് അന്വേഷണം എത്തുകയായിരുന്നു. 2021-ലും 2022-ലും ക്രിസ്റ്റിൻ രാജിനെതിരേ പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവം നടന്ന പ്രദേശത്ത് പോലീസ് വീണ്ടുമെത്തി. ശാസ്ത്രീയ തെളിവുകൾക്കൊപ്പം സ്ഥലത്തുനിന്ന് പരമാവധി മറ്റു തെളിവുകളും ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ പേരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പരമാവധി സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റിൻ രാജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യാനും തെളിവെടുപ്പിന് വേണ്ടിയും പോലീസ് കസ്റ്റഡിയിൽ ചോദിക്കും. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.