അന്ന് മോഹൻലാലിനോട് ദേഷ്യം തോന്നി, എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്: ശാന്തി കൃഷ്
കൊച്ചി:മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ശാന്തി കൃഷ്ണ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു താരം. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ, 1981ല്‍ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പതിനേഴാം വയസ്സിലാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപടി ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവരുടെ നായികയായി നിരവധി ശ്രദ്ധേയ സിനിമകളിൽ ശാന്തി കൃഷ്ണ അഭിനയിച്ചു. പിന്നീട് ഒരു നീണ്ട ഇടവേളയിലേക്ക് പോവുകയായിരുന്നു താരം. രണ്ടാം വിവാഹത്തെ തുടർന്നായിരുന്നു നടി സിനിമയിൽ നിന്ന് മാറി നിന്നത്. 2016ൽ ആ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമായി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി.
തിരിച്ചുവരവിലും കൈനിറയെ ചിത്രങ്ങളുമായി സജീവമാണ് ശാന്തി കൃഷ്ണ. ശക്തമായ അമ്മ വേഷങ്ങളാണ് ശാന്തി കൃഷ്ണയെ തേടി എത്തുന്നത്. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയാണ് ശാന്തി കൃഷ്ണ ഒടുവിൽ അഭിനയിച്ച സിനിമ. ദുൽഖറിന്റെ അമ്മയുടെ വേഷത്തിലാണ് ശാന്തി അഭിനയിച്ചത്. അതിനിടെ തന്റെ തുടക്കകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശാന്തി കൃഷ്ണ.
മോഹൻലാലിൻറെ കൂടെ ആദ്യം അഭിനയിക്കുമ്പോൾ അദ്ദേഹത്തോട് ദേഷ്യം ആയിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് തന്റെ കരിയറിൽ സഹായകമായതെന്നും നടി പറഞ്ഞു.
‘ലാൽ ജി എന്നാണ് ഞാൻ ലാലേട്ടനെ വിളിച്ചിരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടത് മുതൽ എനിക്ക് മോഹൻലാലിനോട് ദേഷ്യമായിരുന്നു. അങ്ങനത്തെ വില്ലനായിരുന്നു. പക്ഷെ അതൊരു അവാർഡാണ്. എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ചെറിയ പ്രായം കൂടി ആയിരുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു ഇത്രയും വലിയ നടനാണ് അതെന്ന്. അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചല്ല ഞാൻ പറയുന്നത്. അദ്ദേഹം എന്നും വളരെ പാവമാണ്’,
‘വില്ലൻ കഥാപാത്രം ചെയ്ത ഒരാളോട് നമുക്ക് ദേഷ്യം തോന്നുന്നുണ്ടെങ്കിൽ അത് അവർക്ക് കിട്ടുന്ന അവാർഡാണ്. അവരത് നന്നായി പെർഫോം ചെയ്തത് കൊണ്ടാണല്ലോ നമുക്ക് വെറുപ്പ് തോന്നുന്നത്. പക്ഷെ എന്ന സിനിമയിൽ ഞാനും അങ്ങനെയൊരു വേഷം ചെയ്തിട്ടുണ്ട്. മോഹൻലാൽ എന്ന നടനെ ക്യാമറയ്ക്ക് മുന്നിൽ കാണുമ്പോൾ നമുക്ക് തോന്നും അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന്. അതിന്റെ ഇമ്പാക്ട് സ്‌ക്രീനിൽ വരുമ്പോൾ തീർത്തും വ്യത്യസ്തമാണ്’,
‘ഞാൻ മമ്മൂക്കയെ പോലെ അഭിനയിക്കുന്ന ആളാണ്. ഇമോഷണൽ സീനൊക്കെ വരുമ്പോൾ കൂടുതൽ പെർഫോം ചെയ്യും. മോഹൻലാൽ അത് ഈസി ആയി ചെയ്യും. ഒരു ബിഹേവിങ് ടൈപ് ആണ്. അവരുടെ ഒകെ ഒപ്പം പ്രവർത്തിച്ചത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്’, ശാന്തി കൃഷ്ണ പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും ശാന്തി കൃഷ്ണ വാചാലയാവുകയുണ്ടായി.
‘മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചു നിൽക്കുക പാടാണ്. മമ്മൂക്കയുടെ ഒരു പെർഫോമൻസ് ബേസ്‌ഡ് അഭിനയമാണ്. ഹെവി പെർഫോർമർ ആണ്. അദ്ദേഹത്തിനൊപ്പം നിൽക്കണമെങ്കിൽ നമ്മൾ അതുപോലെ പെർഫോം ചെയ്യണം’, ശാന്തി കൃഷ്ണ പറഞ്ഞു.