NationalNews

‘പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ ചീയും’ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്:ഹിന്ദുമതത്തിൽ പശുക്കളുടെ പ്രാധാന്യത്തെ കുറിച്ചും അവയെ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കേണ്ടതിന്‍റെ  ആവശ്യകതയും ഊന്നിപ്പറഞ്ഞ് അലഹബാദ് ഹൈക്കോടതി വിധി. രാജ്യത്ത് ഗോവധം നിരോധിക്കണമെന്നും പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഉചിതമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതായി പ്രതീക്ഷിക്കുന്നതായും കോടതി വിധിയില്‍ പറയുന്നു. 

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എല്ലാ മതങ്ങളോടും ഹിന്ദുമതത്തോടും ബഹുമാനം പുലർത്തേണ്ട രാജ്യമാണെന്നും അതിനാല്‍ പശു ദൈവികവും പ്രകൃതിദത്തവുമായ നന്മയുടെ പ്രതിനിധിയാണെന്നും 
ജസ്റ്റിസ് ഷമീം അഹമ്മദിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. പശു സംരക്ഷിക്കപ്പെടുകയും ആരാധിക്കപ്പെടുകയും വേണമെന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചു.

പശുവിനെ കശാപ്പ് ചെയ്‌ത് വിൽക്കാൻ കൊണ്ടുപോയെന്ന ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുൾ ഖാലിഖ് സമര്‍പ്പിച്ച ഹര്‍ജി, തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. സി.ആർ.പി.സി. വകുപ്പ്‌ 482 പ്രകാരം തനിക്കെതിരായ ക്രിമിനല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയ ഹൈകോടതി ഉത്തര്‍പ്രദേശ് ഗോഹത്യാനിരോധന നിയമം 1995 ലെ, സെക്ഷന്‍ 3/5/8 പ്രകാരം ഇയാള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. 

പശുവിനെ ആരാധിക്കുന്നതിന്‍റെ ഉത്ഭവം വേദ കാലഘട്ടത്തിൽ കണ്ടെത്താമെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, പശുക്കളെ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്നവർ ശരീരത്തില്‍ രോമങ്ങള്‍ ഉള്ള കാലത്തോളം നരകത്തിൽ കിടന്ന് ചീഞ്ഞഴുകിപ്പോകുമെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദു മത വിശ്വാസങ്ങളെ പരാമര്‍ശിച്ച കോടതി, പുരോഹിതന്മാർ മതഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോള്‍ പശുക്കൾക്ക് നെയ്യ് ആചാരാനുഷ്ഠാനങ്ങളിൽ വഴിപാടായി നൽകുന്നു. ഇതിനാല്‍ ബ്രഹ്മാവ്, പുരോഹിതന്മാര്‍ക്കും പശുക്കൾക്കള്‍ക്കും ഒരേ സമയം ജീവൻ നൽകിയെന്നും നിരീക്ഷിച്ചു.

ഹിന്ദു പുരാണങ്ങളായ രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍ പലതുമെന്നതും ശ്രദ്ധേയം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button