തിരുവനന്തപുരം: രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോണ്‍ഗ്രസ്- സിപിഎം സഖ്യം നിലവില്‍ വന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെയാണ് കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്. ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെ അക്രമസമരങ്ങള്‍ അരങ്ങേറുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ആക്രമണം അഴിച്ചുവിട്ട കോണ്‍ഗ്രസ് ഗുണ്ടകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്.
റെയില്‍വെ സ്റ്റേഷനിലെ പ്രധാനമന്ത്രിയുടെ പടം കീറുകയും ആര്‍പിഎഫുകാരെ ആക്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഗുണ്ടകള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യമാദ്ധ്യങ്ങള്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്.
എന്നാല്‍ പൊലീസ് പൂര്‍ണമായും നിഷ്‌ക്രിയമായിരിക്കുകയാണ്. സിപിഎമ്മിന്റെ സഖ്യക്ഷിയായതു കൊണ്ടാണോ പൊലീസ് കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോടതികള്‍ക്ക് വിശ്വാസതയില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷന്‍ കമ്മീഷനില്‍ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസമില്ല ഇപ്പോള്‍ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം.
പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാക്കകാര്‍ക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുല്‍ ഗാന്ധിക്ക് വേണ്ടായെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ യുവമോര്‍ച്ചയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് വേണ്ടത്.
നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കാനുള്ള എല്ലാ അവകാശവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ട് നിയമ വ്യവസ്ഥയേയും ഭരണഘടനയേയും കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണ് എന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് കൂട്ടായി ഇടത് പക്ഷം നിലകൊള്ളുന്നത് ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ ഗതികേടാണ് വ്യക്തമാക്കുന്നത്.ഡി വൈ എഫ് ഐ നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആരാണ് യഥാര്‍ത്ഥ രാഹുല്‍ ഭക്തരെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ്.പൊതുമുതല്‍ നശിപ്പിക്കുന്ന കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ നിഷ്‌ക്രിയരാക്കി നിര്‍ത്തി അക്രമികള്‍ക്ക് അഴിഞ്ഞാടാനുളള അവസരം ഒരുക്കുകയാണ്.കേരളത്തില്‍ കോണ്‍ഗ്രസ്സ് സിപിഎം ബാന്ധവം മറ നീക്കി പുറത്തു വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് പോലീസ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുക്കുന്നു.
ബിജെപി ഓഫീസിന് നേര്‍ക്ക് നടന്ന ആക്രമണം ഗൗരവമുള്ളതാണ്. കേരളത്തിലും സി പി എം കോണ്‍ഗ്രസ് ബാന്ധവം മറ നീക്കി പുറത്ത് വന്നിരിക്കുന്നു . ത്രിപുരയില്‍ ഇരുവരും ഒന്നിച്ച് നിന്നിട്ടും ബിജെപിക്ക് വിജയം നേടാന്‍ കഴിഞ്ഞത് ഇരു പാര്‍ട്ടികളും മനസിലാക്കണമെന്നും പ്രഫുല്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.