ആഞ്ഞുവീശി ചുഴലിക്കൊടുങ്കാറ്റ്;മിസിസിപ്പിയെ തരിപ്പണമാക്കി, ഇതുപോലെന്ന് കണ്ടിട്ടില്ലെന്ന് കാലാവസ്ഥ വകുപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ അതിശക്തമായ ടൊര്‍ണാഡോ. നഗരം ഒന്നാകെ കൊടുങ്കാറ്റില്‍ തകര്‍ന്നു. 23 പേര്‍ കൊല്ലപ്പെട്ടു. മിന്നലും, ഇടിയും, ഇതിനൊപ്പം അതിശക്തമായ ചുഴലിക്കാറ്റുമാണ് ആഞ്ഞുവീശിയാണ്. നൂറ് മൈല്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടങ്ങളാണ് ടൊര്‍ണാഡോ ഉണ്ടാക്കിയത്. ഏകദേശം 160 കിലോമീറ്റര്‍ ചുറ്റളവിലാണിത്. നാല് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പശ്ചിമ മിസിസിപ്പിയിലെ നഗരമായ സില്‍വര്‍ സിറ്റിയെ ഒന്നാകെ തകര്‍ത്തു. ഇവിടെ 200 പേരാണ് ആകെ താമസിക്കുന്നത്. ചെറുപട്ടണമാണിത്.സോഷ്യല്‍ മീഡിയയില്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ പലരും പങ്കുവെച്ചിട്ടുണ്ട്. മിസിസിപ്പിയിലെ റോളിംഗ് ഫോര്‍ക്കില്‍ അതിശക്തമായ കാറ്റാണ് അടിച്ചത്.
ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്. റോളിംഗ് ഫോര്‍ക്ക് 1700 പേര്‍ വരുന്ന ഒരു ടൗണാണ്. അതിശക്തമായ ചുഴലിക്കാറ്റില്‍ ഈ ടൗണിനെ ഒന്നാകെ തകര്‍ത്ത് തരിപ്പണമാക്കി. ദാരുണമായ ദൃശ്യങ്ങളാണ് ഇവിടെ നിന്നും വരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുപോലൊന്ന് തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ബ്രാന്‍ഡി ഷോവാ എന്ന യുവതി പറഞ്ഞു. ഇത് വളരെ മികച്ച് നിന്നിരുന്ന ഒരു ചെറു പട്ടണമായിരുന്നു. ഇപ്പോള്‍ അതെല്ലാം ഇല്ലാതായിരിക്കുകയാണ്. തന്റെ മുത്തശ്ശിയുടെ വീട് ആകെ കാറ്റില്‍ തകര്‍ന്ന് പോയെന്നും, വലിയ നാശനഷ്ടങ്ങളുണ്ടായെന്നും ഷോവ പറഞ്ഞു. തന്റെ സുഹൃത്ത് അവളുടെ വീട്ടില്‍ കുടുങ്ങി പോയിരുന്നു. അവളെ ഞങ്ങള്‍ പുറത്തെത്തിച്ചു.
അവിടെ പലരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. തന്റെ മുത്തശ്ശിയുടെ വീടിന് അടുത്ത് താമസിക്കുന്നവരെല്ലാം ഇതുപോലെ കുടുങ്ങി കിടക്കുകയാണെന്നും ഷോവ പറഞ്ഞു. റോളിംഗ് ഫോര്‍ക്കില്‍ ഇനി തകരാന്‍ ബാക്കിയൊന്നും ഇല്ല. എല്ലാം തരിപ്പണമാക്കിയാണ് കൊടുങ്കാറ്റ് കടന്നുപോയത്. പലരും വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ പ്രസിഡന്റ് ടോഡ് ടെറല്‍ പറഞ്ഞു.
2011ല്‍ മിസൗറിയിലെ ജോപ്ലിനില്‍ താണ്ഡവമാടിയ ടൊര്‍ണാഡോയ്ക്ക് സമാനമാണിത്. അന്ന് 161 പേരാണ് മരിച്ചതെന്നും ടെറല്‍ പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി മുതല്‍ ശനിയാഴ്ച്ച രാവിലെ വരെ 24 ടൊര്‍ണാഡോ റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നു. സ്റ്റോം ചേസേഴ്‌സും, നിരീക്ഷകരും നല്‍കിയ വിവരങ്ങള്‍ പ്രകാരമായിരുന്നു ഇത്.
പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് നാശനഷ്ടങ്ങള്‍ അതിരൂക്ഷമാണെന്ന് മനസ്സിലാക്കാം. കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്ന് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. കാറുകള്‍ ഇടിച്ച് തെറിക്കുന്നതും കാണാം. ഇപ്പോള്‍ ആവശ്യം പ്രാര്‍ത്ഥനകളാണ്. ദൈവം ഞങ്ങളെ രക്ഷിക്കട്ടെയെന്നും, എംഎസ് ഡെല്‍റ്റ ഗവര്‍ണര്‍ ടേറ്റ് റീവ് പറഞ്ഞു. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം നല്‍കുമെന്നും, ആംബുലന്‍സുകള്‍ സജ്ജമാണെന്നും, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.