29.5 C
Kottayam
Monday, May 6, 2024

കൂട്ടബലാത്സംഗം: ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് സ്പാനിഷ് വനിത

Must read

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ എല്ലാപ്രതികളും പിടിയിലായി. കഴിഞ്ഞദിവസമാണ് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപ്രതികളേക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എട്ടുപ്രതികളും അറസ്റ്റിലായി. അതേസമയം, ബലാത്സംഗത്തിനിരയായ വിദേശവനിതയും ഭര്‍ത്താവും ഝാര്‍ഖണ്ഡില്‍നിന്ന് നേപ്പാളിലേക്ക് യാത്രതിരിച്ചു. പോലീസ് അകമ്പടിയോടെയാണ് ദമ്പതിമാര്‍ ബൈക്കില്‍ നേപ്പാളിലേക്ക് തിരിച്ചത്.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വിനോദസഞ്ചാരത്തിനെത്തിയ സ്പാനിഷ് വനിതയ്ക്കുനേരേ മാര്‍ച്ച് ഒന്നാംതീയതിയാണ് അതിക്രമമുണ്ടായത്. ധുംകയില്‍ രാത്രി ക്യാമ്പ് ചെയ്യുന്നതിനിടെ ഏഴുപേര്‍ ചേര്‍ന്ന് വനിതയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദമ്പതിമാര്‍ പോലീസില്‍ വിവരമറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മൂന്നുപ്രതികളെയാണ് പോലീസ് ആദ്യം പിടികൂടിയത്. പിന്നാലെ മറ്റുപ്രതികളും പിടിയിലായി. ഏഴുപേരാണ് ബലാത്സംഗം ചെയ്തതെന്നും ഇവര്‍ക്ക് സഹായം നല്‍കിയതാണ് എട്ടാംപ്രതിക്കെതിരേയുള്ള കുറ്റമെന്നും പോലീസ് അറിയിച്ചു.

ബലാത്സംഗത്തിനിരയായ വിദേശവനിതയ്ക്ക് ജില്ലാ ഭരണകൂടം പത്തുലക്ഷം രൂപ നഷ്ടപരിഹരമായി അനുവദിച്ചിരുന്നു. കഴിഞ്ഞദിവസം ഝാര്‍ഖണ്ഡില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് വിദേശവനിതയും ഭര്‍ത്താവും അധികൃതരെ കാണാനെത്തി. കേസിലെ ഇടപെടലിന് അധികൃതരെ അഭിനന്ദിച്ചു. ഇവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് ദമ്പതിമാര്‍ ധുംകയില്‍നിന്ന് മടങ്ങിയത്. ബിഹാര്‍ അതിര്‍ത്തിവരെ ദമ്പതിമാര്‍ക്ക് അകമ്പടിയായി ഝാര്‍ഖണ്ഡ് പോലീസുണ്ടായിരുന്നു. തുടര്‍ന്ന് നേപ്പാള്‍വരെ ബിഹാര്‍ പോലീസും ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കും.

അതേസമയം, തനിക്കെതിരേ അതിക്രമം കാട്ടിയവരെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ഇന്ത്യക്കാരെ മുഴുവന്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ബലാത്സംഗത്തിനിരയായ വിദേശവനിത മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയിലെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ചു. നല്ലവരായ നിരവധി മനുഷ്യരെ കണ്ടു. മനോഹരമായ ഒരു സ്ഥലമായതിനാലാണ് രാത്രി അവിടെ തങ്ങാമെന്ന് തീരുമാനിച്ചത്. ഭയാനകമായ ആ സംഭവം മറക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, അത് മറന്ന് മുന്നോട്ടുപോകണം. ഇത്തരം സംഭവങ്ങള്‍ യാത്രചെയ്യുന്നതിന് തടസ്സമാകരുത്. താന്‍ യാതൊരു ഭയവുമില്ലാതെ യാത്രകള്‍ തുടരുമെന്നും വിദേശവനിത പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week