33.9 C
Kottayam
Sunday, April 28, 2024

ഒന്നു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓള്‍ പാസ്,പഠന വിലയിരുത്തലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അധ്യയനം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴുംസംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതുണ്ട്. എന്നാല്‍ കുട്ടികള്‍ ഓരോരുത്തരും പഠന കാര്യത്തില്‍ എവിടെ നില്‍ക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനായി ശാസ്ത്രീയമായ വിലയിരുത്തല്‍ രീതി അവലംബിക്കേണ്ടതുണ്ട്. പ്രസ്തുത വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതല്‍ മികവുള്ളതാക്കി മാറ്റാനും പരിമിതികളെ മറികടക്കാനുള്ള പഠനപിന്തുണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കഴിയു. ഇതിന് കഴിയണമെങ്കില്‍ ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെയും തുടര്‍പ്രവര്‍ത്ത നങ്ങളിലൂടെയും ആര്‍ജ്ജിച്ച ശേഷികള്‍ വിലയിരുത്തുന്നതാണ് അഭികാമ്യം. അതിനായി സംസ്ഥാനതലം മുതല്‍ സ്‌കൂള്‍തലം വരെ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഒന്നാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തുടര്‍ന്നുവരികയാണ്. അവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുട്ടികളുടെ പഠനനില വിലയിരുത്തേണ്ടതുണ്ട്.

നിരന്തരവിലയിരുത്തല്‍

പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായി. ഉണ്ടാക്കിയ ഉല്പന്നങ്ങള്‍, യൂണിറ്റ് വിലയിരുത്തല്‍ എന്നിവയെ
അടിസ്ഥാനമാക്കിയാണ് നിരന്തര വിലയിരുത്തല്‍ നടത്തി ഗ്രേഡ് നല്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്ലാസുകള്‍ വീഡിയോമോഡിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയാറാക്കിയ പഠനക്കുറിപ്പുകള്‍ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കാവുന്നതാണ്. ഒപ്പംതന്നെ വീഡിയോ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ നല്‍കിയ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാവുന്നതാണ്.

വര്‍ഷാന്തവിലയിരുത്തല്‍

ഈ വര്‍ഷത്തെ സവിശേഷസാഹചര്യത്തില്‍ പഠന കാര്യത്തില്‍ കുട്ടി പൊതുവെ എവിടെ നില്‍ക്കുന്നു എന്നറിയാന്‍ വര്‍ഷാന്ത
വിലയിരുത്തല്‍ പ്രയോജനപ്പെടും. ഇതിനായി പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സവിശേഷമായി തയാറാക്കിയ പാനമികവുരേഖ കാര്‍ഡുരൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതാണ്. ലഭ്യമാക്കിയ പ്രവര്‍ത്തന കാര്‍ഡുകളില്‍ നിന്നും ഓരോ കുട്ടിയുടെയും സാധ്യതക്കനുസരിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കുട്ടികള്‍ പൂര്‍ത്തിയാക്കുന്നവയില്‍ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികള്‍ക്ക് ഗ്രേഡ്/ കോര്‍ നല്‍കേണ്ടത്.

ബി.ആര്‍.സി.കളില്‍ നിന്ന് ലഭ്യമാകുന്ന പുസ്തക രൂപത്തിലുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍ (പഠനമികവ് രേഖ) പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

2021 ഏപ്രില്‍ 24 നകം എസ്.ആര്‍.ജി. മീറ്റിംഗ് കൂടുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും 2021-22 അധ്യയനവര്‍ഷം ആരംഭിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. മുന്‍കൂട്ടി തയാറാക്കിയ അജണ്ട ഓരോന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും അവ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം

2021 ഏപ്രില്‍ 26 നകം പി.റ്റി.എ എക്‌സിക്യൂട്ടീവ്/ എസ്.എം.സി. എന്നിവ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. സംസ്ഥാന തലത്തില്‍ തയാറാക്കി സ്‌കൂളുകള്‍ക്ക് നല്ക്കുന്ന പഠനമികവ് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂളിലെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്‍ക്ക് വേണ്ട അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ റിസോര്‍സ് ടീച്ചറെ കൂടി ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്യണം.

പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പഠനമികവ് രേഖ 2021 മെയ് 10 നകം വിദ്യാലങ്ങളില്‍ തിരികെ വാങ്ങുകയും അധ്യാപകര്‍ വിലയിരുത്തി നല്‍കേണ്ടതുമാണ്. ഇപ്പോള്‍ തുടരുന്ന നിരന്തര വിലയിരുത്തല്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടായ ഉല്പന്നങ്ങള്‍ മുതലായവയെ അടിസ്ഥാനമാക്കി വേണം വിലയിരുത്തല്‍. വീഡിയോ ക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയാറാക്കിയ പഠനക്കുറിപ്പുകള്‍, വീഡിയോ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ നല്കിയ അസൈന്‍ മെന്റുകള്‍ എന്നിവ നിരന്തര വിലയിരുത്തലിന് പരിഗണിക്കാം.

പഠനമികവ് രേഖ വിലയിരുത്തുകയും അര്‍ഹമായ ഗ്രേഡ്/കോര്‍ നല്കുകയും വേണം. പാനമികവ് രേഖയില്‍ പൂര്‍ത്തിയാക്കിയവയില്‍ നിന്നും മികച്ച അഞ്ച് പ്രവര്‍ത്തനകാര്‍ഡുകള്‍ വിലയിരുത്തിയാണ് കുട്ടികള്‍ക്ക് ഗ്രേഡ്/സ്‌കോര്‍ നല്‍കേണ്ടത്. ഇത് വര്‍ഷാന്തവിലയിരുത്തലില്‍ പ്രയോജനപ്പെടുത്താം. പഠനമികവ്രേഖ വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ടതാണ്.

നിരന്തര വിലയിരുത്തലും വര്‍ഷാന്തവിലയിരുത്തലും പരിഗണിച്ച് കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാവുന്നതാണ്. അതാത് സ്‌കൂളുകളില്‍ ഓരോ വിഷയത്തിന്റേയും സബ്ജക്ട് കൗണ്‍സില്‍ അല്ലെങ്കില്‍ എസ്.ആര്‍.ജി. കൂടിച്ചേര്‍ന്ന് വിലയിരുത്തലിന്റെ സ്‌കോറിംഗ് നിശ്ചയിക്കാവുന്നതാണ്.

2021 മേയ് 20 നകം വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി പ്രമോഷന്‍ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്.

കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡ്/സ്‌കോര്‍ അധ്യാപകര്‍ രേഖപ്പെടുത്തി വയ്ക്കണം. കുട്ടികളെ അറിയാനും ആവശ്യമായ പഠനപിന്തുണ ഉറപ്പുവരുത്താനും ഇത് അത്യാവശ്യമാണ്.

പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ആസൂത്രണത്തിനും നടത്തിപ്പിനും മോണിറ്ററിംഗിനുമായി ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ജില്ല/വിദ്യാഭ്യാസജില്ല/സബ്ജില്ലാ തലങ്ങളില്‍ വിളിച്ചു ചേര്‍ക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ , എല്ലാ വിദ്യാലയങ്ങളിലും കൃത്യമായി നടക്കുന്നുണ്ടെന്ന് അതത് പ്രഥമാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week