KeralaNews

ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം; നിരോധനാജ്ഞ 22 വരെ നീട്ടി

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗത്തില്‍ ബിജെപി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പിന്നാലെയാണ് യോഗം മാറ്റിയത്. ബിജെപി ഇന്ന് പങ്കെടുക്കും.അതേസമയം ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ആലപ്പുഴയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങള്‍. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.പിന്നാലെ മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button