ആലപ്പുഴ ഷാന്‍ വധക്കേസ്: വെട്ടിവീഴ്ത്തിയ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാൻ വധക്കേസിലെ കൊലയാളിസംഘം പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചംഗസംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവർ അഞ്ചുപേരും ആർ.എസ്.എസ്. പ്രവർത്തകരാണ് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവർ കൂടി അറസ്റ്റിലായതെന്നാണ് വിവരം. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News