27.3 C
Kottayam
Wednesday, May 29, 2024

ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കി,കൃഷ്ണ തേജ ആലപ്പുഴ വിട്ടു,ജനകീയ കളക്ടർ ഇനി തൃശൂരിൽ

Must read

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഇന്ന് വൈകിട്ട് ചുമതലയൊഴിഞ്ഞു. കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് ജില്ലയുടെ പ്രിയപ്പെട്ട കളക്ടര്‍ ആലപ്പുഴയില്‍ നിന്ന് പോകുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വീടുകൾ നിർമിച്ചു നൽകുന്നത്.

ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വി ആർ കൃഷ്ണ തേജ വാക്ക് നൽകി. വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എ ഡി എം. എസ് സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു.

കഴിഞ്ഞ ഏഴരമാസക്കാലം എല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വി ആ‍ര്‍ കെ  കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായാണ് നിയമിച്ചത്. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍ ആണ് ആലപ്പുഴയിലേക്ക് എത്തുക. ആലപ്പുഴ കളക്ടറായി ചുമതലയേറ്റ  ശേഷമുള്ള തന്റെ ആദ്യ  ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറിയത് അടക്കം ഹൃദയം തൊടുന്ന പല തീരുമാനങ്ങള്‍ കൊണ്ടും കൃഷ്ണ തേജ ജില്ലയ്ക്ക് പ്രിയപ്പട്ടയവനായി മാറിയത് വളരെ വേഗമാണ്.

2022 ഓ​ഗസ്റ്റ് മൂന്നിനാണ് വി ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തത്. വിവാദത്തിലായ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്. ജില്ലാ കളക്ടറായി നിയമിതനായി ദിവസങ്ങൾക്കുള്ളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പിന്തുണ കൃഷ്ണ തേജയ്ക്ക് ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week