ISL:ഒടുവിൽ ഛേത്രി കരഞ്ഞു,എടികെ മോഹന്‍ ബഗാന്‍ ചാമ്പ്യൻമാർ
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍. എക്‌സ്‌ട്രാടൈമിലും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ബെംഗളൂരുവിലെ വീഴ്‌ത്തി കൊല്‍ക്കത്തന്‍ ക്ലബ് നാലാം കിരീടം ഉയര്‍ത്തുകയായിരുന്നു.
പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. ഫൈനലില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബിഎഫ്‌സിയുടെ സ്കോറര്‍മാര്‍.
1-1ന് ഇടവേള
നാടകീയമായിരുന്നു ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ആദ്യ പകുതി. കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് റോയ് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രിക്ക് ഒരിഞ്ചുപോലും കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ദിമിത്രിയുടെ മിന്നല്‍ കിക്ക് ഗുര്‍പ്രീതിന് തടുക്കാനാവാതെവന്നു. മത്സരം ഇടവേളയ്ക്ക് പിരിയുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പ് ഇഞ്ചുറിസമയത്താണ്(45+) ബെംഗളൂരു എഫ്‌സിയുടെ സമനില ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ശുഭാശിഷ്, കൃഷ്‌ണയെ ഫൗള്‍ ചെയ്‌തതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ബിഎഫ്‌സിക്കായി കിക്കെടുത്ത വിശ്വസ്‌ത താരം സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചതോടെ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു.
പിന്നെ 2-2
ഓരോ ഗോളിന്‍റെ തുല്യത രണ്ടാംപകുതിയില്‍ ടീമുകളെ കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ പ്രേരിപ്പിച്ചു. 61-ാം മിനുറ്റില്‍ ലിസ്റ്റണിന്‍റെ ഗോളെന്നുറച്ച ഷോട്ട് ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടില്‍ പെട്രറ്റോസിന്‍റെ ഉന്നംപാളി. ഇരു ടീമുകളും തുടര്‍ ആക്രമണങ്ങള്‍ പിന്നാലെ നടത്തിയപ്പോള്‍ 78-ാം മിനുറ്റില്‍ ഹെഡറിലൂടെ റോയ് കൃഷ്‌ണ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. റോഷന്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ ഫാര്‍ പോസ്റ്റില്‍ ഉയര്‍ന്നുചാടിയായിരുന്നു റോയ്‌യുടെ ഹെഡര്‍. ഇതിന് മറുപടിയായി പെട്രറ്റോസ് 85-ാം മിനുറ്റില്‍ മത്സരത്തിലെ മൂന്നാം പെനാല്‍റ്റി ഗോളാക്കിയതോടെ 2-2 സമനിലയിലായി ടീമുകള്‍. ഇതിന് ശേഷം ടീമുകളുടെ ഫിനിഷിംഗിലെ നേരിയ പിഴവുകള്‍ മത്സരം അധികസമയത്തേക്ക് നീട്ടി. അധികസമയത്തും ആവേശത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. പക്ഷേ, ഗോള്‍ മാറിനിന്നു.