ആലപ്പുഴ: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. പാലക്കാട് വാളയാറില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയായ എടത്വാ കൃഷി ഓഫീസര്‍ ജിഷയ്ക്ക് കളളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്.
പാലക്കാട് നിന്നും മറ്റൊരു കേസിലായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. ആലപ്പുഴയില്‍ നിന്നുളള പൊലീസ് വിവരമറിഞ്ഞതോടെ പാലക്കാടിലേക്ക് പോയിട്ടുണ്ട്. പാലക്കാടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇയാളെ ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ നാടുവിടുകയായിരുന്നു.
പ്രതിക്ക് അന്താരാഷ്ട്ര കളളനോട്ടുസംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇയാള്‍ കളളനോട്ടുസംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കാനാവുമെന്നും പൊലീസ് കരുതുന്നു.
ഇയാളുടെ പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് ജിഷമോളോട് പറഞ്ഞിരുന്നതായാണ് മൊഴി. പിടികൂടിയ കളളനോട്ടുകള്‍ വിദേശത്ത് നിന്നും അച്ചടിച്ചതാണെന്ന സംശയമുണ്ട്. അതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസ് നിരീക്ഷിക്കുന്നുണ്ട്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം ജിഷയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.