കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി.ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. ടാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഷാജഹാന്‍ യൂസഫ് രജിസ്‌ട്രേഷനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് കണ്ടെത്തിയത്. ഇതോടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനും കൗണ്‍സില്‍ ഉത്തരവിട്ടു.
ഇയാള്‍ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടര്‍ ഉണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐ.എം.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രാവന്‍ കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാജഹാന്‍ നല്‍കിയ രജിസ്ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറുണ്ടെന്ന് കണ്ടെത്തിയത്.
ഇതോടെ ഷാജഹാന്റെ മെഡിക്കല്‍ രജിസ്ട്രേഷന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുകയായിരുന്നു. രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ രജിസ്ട്രിയില്‍ നിന്നും ഷാജഹാനെ ഒഴിവാക്കാനും തീരുമാനമായി. ഷാജഹാന്‍ നടത്തി വന്ന പൈല്‍സ് ചികിത്സയിലും ശസ്ത്രക്രിയകളിലും സംഭവിച്ച പിഴവുകളെ തുടര്‍ന്ന് മുന്‍പും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ചികിത്സ തട്ടിപ്പ് നടത്തിയതടക്കം കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമയക്കെതിരെ കൊച്ചി എളമക്കര പോലീസ് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമേയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും ഷാജഹാനെതിരെ അന്വേഷണം നടത്തുന്നുണ്ട്.