ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മരണം 122 ആയി
ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 31 കുട്ടികളും ഉള്‍പ്പെടുന്നു. 900ലധികം പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷം തുടങ്ങിയതിന് ശേഷം പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തെന്നാണ് യുഎന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.
അതേസമയം, അയല്‍രാജ്യമായ ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു. സിറിയയില്‍ നിന്ന് മൂന്നുതവണ റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേല്‍ വ്യക്തമാക്കി. അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതി നാളെ വീണ്ടും യോഗം ചേരും.
ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഉച്ചകഴിഞ്ഞുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്‌കാരം ഞായറാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഹമാസ് ഷെല്ലാക്രമണത്തില്‍ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്. ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയിരുന്നു സൗമ്യ. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈല്‍ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം.