26.8 C
Kottayam
Sunday, May 5, 2024

മെസിയുടെ ഇന്റർ മയാമിയെ ​ഗോൾമഴയിൽ മുക്കി റൊണാള്‍ഡോയുടെ അൽ നസ്ർ; സൗദി ക്ലബിന്റെ ജയം എതിരില്ലാത്ത ആറ് ​ഗോളുകൾക്ക്

Must read

റിയാദ്: മെസ്സിയും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന സൂചനയിൽ ‘ദി ലാസ്റ്റ് ഡാൻസ്’ എന്ന് പേരിട്ടിരുന്ന റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് സൗദി ക്ലബിന്റെ ജയം. റിയാദിലെ കിങ്ഡം അരീനയിലായിരുന്നു മത്സരം.

കളി ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒറ്റാവിയോയിലൂടെ അൽ നസ്ർ മുന്നിലെത്തി. ആൻഡേഴ്സൺ ടലിസ്കയിലൂടെ അവർ തങ്ങളുടെ ലീഡുയർത്തി. പിന്നീട്, രണ്ട് തവണ കൂടെ വല ചലിപ്പിച്ച് ടലിസ്ക ഹാട്രിക് സ്വന്തമാക്കി. ഇവർക്കു പുറമെ ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് വേണ്ടി സ്‌കോര്‍ ചെയ്തു.

പരിക്കിൽനിന്ന് മുക്തനായിട്ടില്ലാത്തതിനാൽ ക്രിസ്റ്റ്യാനോ കളിക്കാനുണ്ടാകില്ലെന്ന് അൽ നസ്ർ പരിശീലകൻ ലൂയി കാസ്ട്രോ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ, ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ഇന്റർ മയാമിയുടെ ആദ്യ ഇലവനിൽ മെസ്സി ഇടംപിടിച്ചില്ല. 84-ാം മിനിറ്റിന് ശേഷമാണ് മെസ്സി കളത്തിലിറങ്ങിയത്.

മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നതിനാൽ ആരാധകർ വലിയ പ്രതീക്ഷയോടെയാണ്‌ കാത്തിരുന്നത്‌. 2026-ലെ അടുത്ത ലോകകപ്പിൽ ഇരുവരും കളിക്കാനും ഇവരുടെ ടീമുകൾ നേർക്കുനേർ വരാനും വിദൂരസാധ്യതയേ ഉള്ളൂ. സൗഹൃദമത്സരങ്ങളിൽ അർജന്റീനയും പോർച്ചുഗലും ഏറ്റുമുട്ടാനും സാധ്യത കുറവാണ്.

കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലോക റെക്കോഡ് തുക നൽകിയാണ് അൽ നസ്‌ർ‌ ടീമിലെത്തിച്ചത്. റൊണാൾഡോ സൗദിയിലെത്തിയതോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടികൂടി. സൗദി പ്രൊ ലീഗിന് ലോകംമുഴുവൻ ഇപ്പോൾ ആരാധകരുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്പ് മുഖാമുഖം വന്നത്. അന്ന് മെസ്സി നയിച്ച പി.എസ്.ജി., ക്രിസ്റ്റ്യാനോ നയിച്ച റിയാദ് ഇലവനെ 5-4 ന് തോൽപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week