26.9 C
Kottayam
Sunday, April 28, 2024

എകെജി സെന്‍റര്‍ ആക്രമണക്കേസ്; ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീ സാക്ഷിയാകും? ഒപ്പമിരുത്തി ചോദ്യം ചെയ്യും, ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു

Must read

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു.  ഇന്നലെയാണ് ജിതിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന ലക്ഷ്യം. കൂടുതൽ പേ‍ർ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണക്കുകൂട്ടല്‍.

എകെജി സെന്‍റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യും. ഈ സ്ത്രീയ സാക്ഷിയാക്കാനാണ് നീക്കം. സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ എകെജി സെന്‍ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. എകെജി സെന്‍റര്‍ ആക്രണം നടന്ന് രണ്ട് മാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് പൊലീസ്.

സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.  ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

അവിടെ നിന്ന് പ്രതി കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറിലേക്ക് മാറി. കെഎസ്ഇബിക്ക് കരാർ കൊടുത്ത ഈ കാർ ജിതിന്‍റേതാണ്. ജിതിൻ കാറിലേക്ക് യാത്ര മാറ്റുമ്പോൾ ഡിയോ സ്കൂട്ടർ ഓടിച്ചുപോകുന്നത് ജിതിൻറെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്കൂട്ടർ എത്തിച്ചതെന്നതിന്‍റെ ദൃശ്യങ്ങളുണ്ട്. സംഭവ ദിവസം ജിതിൻ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്ന് മൊബൈൽ ടവർ പരിശോധനയിലും തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോർമാറ്റ് ചെയ്താണ് ജിതിൻ ഹാജരാക്കിയത്. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇന്നലെ ജിതിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ജിതിൻ പറഞ്ഞു. ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week