കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ആകാശ് തില്ലങ്കേരി. രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിക്കുന്നതെന്ന് ആകാശ് ആരോപിച്ചു. സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിക്കുകയായിരുന്നു ആകാശ്.
ഫേസ്ബുക്ക് കമന്റിന്റെ പൂർണരൂപം
വൈകാരികത കൊണ്ടുവരാൻ ശ്രമിക്കുകയാണ് അവർ. പച്ച തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവർക്ക് ഉണ്ടാവുമോ. പണ്ട് ഒരു ഉളുപ്പുമില്ലാതെ ആർ എസ് എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാകഥ പ്രചരിപ്പിച്ച അതേ കുശാഗ്ര ബുദ്ധിയാണ് ഇതിനു പിന്നിലും.
ആർ എസ് എസിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ പേരിൽ കള്ളക്കേസ് ചുമത്തപെട്ട് കൊലക്കേസിൽ കിടന്ന മുതിർന്ന സഖാവിന്റെ ഭാര്യയെ ഉൾപ്പടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിപറയുകയും അപമാനിക്കുകയും ചെയ്ത രാഗിന്ദ് ആണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചത്.
രാഗിന്ദ് കാണിക്കാത്ത മര്യാദ, രാഗിന്ദിന്റെ തെറിവിളി കേൾക്കുന്നവർ തിരിച്ച് കാണിക്കണമോ? തെറ്റാരു ചെയ്താലും തെറ്റാണ്. കൈ മെയ് മറന്ന് വെള്ളപൂശുമ്പോൾ നിങ്ങൾ വേദനിപ്പിക്കുന്നത് രാഗിന്ദാൽ അപമാനിതരായ ആ അടിയുറച്ച പാർട്ടി കുടുംബത്തെ കൂടിയാണ്.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെയെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം. വ്യക്തിയെന്ന നിലയിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരിയ്ക്ക് സി പി എമ്മുമായി ബന്ധമില്ല. ആകാശ് പാർട്ടിയുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള കഥകളെ തന്റെ മനസിലുളളൂ. അതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ആലോചിച്ച് തീരുമാനിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.