കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പരസ്യം നൽകിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ നടൻ അജു വർഗീസ് രംഗത്ത്. 'എഎം ട്രസ്റ്റ് ലോൺ സർവീസസ്' എന്ന സ്ഥാപനത്തിനെതിരെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്. തന്റെ അനുമതിയില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അജു വ്യക്തമാക്കി.
കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്നായിരുന്നു സ്ഥാപനത്തിന്റെ പരസ്യം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3042 രൂപ തിരിച്ചടവ് മതിയെന്നും ഇവർ അവകാശപ്പെട്ടിരുന്നു. ഈ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ചാണ് അജു വർഗീസ് ആരാധകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.
"എന്റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും പരസ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ പദ്ധതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീണ് നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്"- അജു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ലോൺ ആപ്പുകളുടെ ഭീഷണിയും തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
ഈ വർഷം തിയേറ്ററിലെത്തിയ 'പെണ്ണു കേസ്', 'ആട് 3' എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 'വാഴ 2'വിന്റെ വലിയ വിജയത്തിളക്കത്തിലാണ് അജു വർഗീസ് ഇപ്പോൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സർവ്വം മായ'യും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു.


