മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ഇന്ന് എന്‍സിപി നേതാവ് ശരദ് പവാറിനെ കാണാനെത്തി. മുംബൈയിലെ വൈബി ചവാന് സെന്ററില്‍ അപ്രതീക്ഷിതമായി നടന്ന കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. ദൈവത്തില്‍ നിന്നും അനുഗ്രഹം വാങ്ങാനെത്തിയതാണെന്ന് പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
‘സന്ദര്‍ശനത്തിനുള്ള അനുമതിയൊന്നും തേടാതെയാണ് ഞങ്ങള്‍ എത്തിയത്. ഒരു യോഗത്തിനായി ശരദ് പവാര്‍ ഇവിടെ വരുമെന്ന് അറിഞ്ഞ് അദ്ദേഹത്തില്‍ നിന്നും അനുഗ്രഹം വാങ്ങാനാണ് എല്ലാവരും വന്നത്.’ എന്‍സിപിയില്‍ ശരത് പവാറിന്റെ വിശ്വസ്തന് കൂടിയായിരുന്നു പ്രഫുല്‍ പട്ടേല്‍. ഞങ്ങള്‍ക്ക് ശരദ് പവാറിനോടുള്ള ബഹുമാനം അദ്ദേഹത്തെ അറിയിച്ചു. എന്‍സിപി പിളരരുതെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ശരദ് പവാര്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നതെന്നും പ്രഫുല്‍പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശരദ് പവാര്‍ വിമത നേതാക്കളെ കാണാന്‍ തയ്യാറായെങ്കിലും മൗനിയായിരുന്നു. എംഎല്‍എമാര്‍ പറഞ്ഞത് കേട്ടതല്ലാതെ ഒന്നിനോടും പ്രതികരിച്ചില്ല. പാര്‍ട്ടി പിളര്ന്നതില് നേതാക്കള്‍ക്ക് കുറ്റബോധമുണ്ടെന്ന് ശരദ് പവാര്‍ ക്യാംപിലെ മുതിര്‍ന്ന നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.
‘അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച്ച. ഇതിനകം എന്‍സിപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ശരദ് പവാറുമായി കൂടിയിരുന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കും.’ ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. ജൂലൈ നാലിനായിരുന്നു അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നത്.