ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സര്‍വീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തില്‍ ഇത് വ്യോമയാന മന്ത്രാലയം വര്‍ധിപ്പിക്കുകയായിരുന്നു. വിവരം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഏതാണ്ട് രണ്ട് നിര്‍ത്തലാക്കിയിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 33 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനായിരുന്നു അനുമതി. ആ വര്‍ഷം ഡിസംബറില്‍ ഇത് 80 ശതമാനമായി ഉയര്‍ത്തി. ജൂണ്‍ മാസത്തില്‍ ഇത് കുറച്ച് 50 ശതമാനം ആക്കി. നാല് ദിവസങ്ങള്‍ക്കു ശേഷം ഇത് 65 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 12 മുതലാണ് 72.5 ശതമാനത്തില്‍ സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 35,662 കൊവിഡ് കേസുകളാണ്. ആക്ടീവ് കേസുകള്‍ 3,40,639. രോഗശമന നിരക്ക് 97.65 ശതമാനമാണ്. ആകെ രോഗബാധയുടെ 1.02 ശതമാനാണ് നിലവിലുള്ള കേസുകള്‍. 14,48,833 ടെസ്റ്റുകളാണ് ഇക്കാലയളവില്‍ നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 55,07,80,273.
കഴിഞ്ഞ 19 ദിവസങ്ങളായി ഡെയിലി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് 2.46 ശതമാനമായിരുന്നു. വീക്കിലി പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി വീക്കിലി പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ താഴെ തുടരുകയാണ്.
അതേസമയം, ലോക്ക്ഡൗണില്‍ നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോരാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികള്‍. വിമാന നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ സുരക്ഷിതമായ പുനഃരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.