ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ കൊവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂന്ന് കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. രണ്ടാമതായി കൊവിഡ് വ്യാപനം തടയുന്നതിനായുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകള്‍ക്ക് വാക്‌സിന്‍ നല്‍കണം. ഈ മാര്‍ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാവു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കൊവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് ഭരണകൂടമാണെന്നും, ജനത്തിന്റെ ഉപജീവനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.