കണ്ണൂർ: അമ്പതിലേറെ തവണ ട്രാഫിക് ലംഘനം നടത്തിയ യുവാക്കളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. മട്ടന്നൂർ സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് എംവിഡി പിടികൂടിയത്. ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ സഞ്ചരിക്കുകയും സ്ഥിരമായി എഐ ക്യാമറകളെ നോക്കി പലതരം അഭ്യാസങ്ങൾ കാണിക്കുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്. ഇരിട്ടി പയഞ്ചേരിയിലെ എഐ ക്യാമറ നോക്കിയാണ് ഇവർ സ്ഥിരമായി അഭ്യാസങ്ങൾ കാണിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ പിഴയടയ്ക്കാൻ പലതവണ നോട്ടീസ് അയച്ചെങ്കിലും ഇവർ പിഴയടയ്ക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അഭ്യാസങ്ങൾ തുടരുകയും ചെയ്തു. മാർച്ച് എട്ടിന് സമാനമായി നിയമം ലംഘിക്കുകയും എഐ ക്യാമറ നോക്കി അഭ്യാസങ്ങൾ നടത്തുകയും ചെയ്തതോടെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എഐ ക്യാമറ പ്രവർത്തനക്ഷമമാണോ എന്ന് പരീക്ഷിക്കുന്നതാണെന്നായിരുന്നു മറുപടി.
യുവാക്കളുടെ മറുപടിയിൽ തൃപ്തരാകാത്ത എംവിഡി മൂവരുടെയും ലൈസൻസ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്. മാത്രമല്ല മൂന്ന് ദിവസത്തെ ഡ‍്രൈവിങ് റിസർച്ച് കോഴ്സിൽ പങ്കെടുക്കാനും നിർദ്ദേശിച്ചു. ഇതിനായി എടപ്പാളിലേക്കാണ് ഇവരെ അയച്ചത്. ഇതിന് പുറമെ ജനസേവനം നടത്തണമെന്നാണ് നിർദ്ദേശം.