FeaturedHome-bannerNationalNews

അഗ്നിവീർമാർ ശിപായിക്കും താഴെ; അവരെ സല്യൂട്ട്‌ ചെയ്യേണ്ടി വരും: കേന്ദ്രം

ന്യൂഡല്‍ഹി: കര, നാവിക, വ്യോമസേനകളില്‍ പുതുതായി നിയമിതരാകുന്ന അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശിപായിമാരെ അഗ്നിവീര്‍മാര്‍ സല്യൂട്ട്‌ ചെയ്യേണ്ടി വരുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാല് വര്‍ഷം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് നിലപാട് അറിയിച്ചത്. സേന വിഭാഗങ്ങളിലെ പ്രത്യേക കേഡര്‍ ആയിട്ടാകും അഗ്നിവീര്‍മാരെ പരിഗണിക്കുക.

അഗ്നിവീര്‍മാര്‍ക്ക് അടിസ്ഥാന പരിശീലനം ആണ് നല്‍കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഇതില്‍ സ്ഥിരം നിയമനം ലഭിച്ച് സേന വിഭാഗങ്ങളില്‍ ശിപായി തസ്തികകയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ഉയര്‍ന്ന തലത്തില്‍ ഉള്ള പരിശീലനം നല്‍കുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ശിപായി തസ്തികയ്ക്കും താഴെയാണ് അഗ്നിവീര്‍മാരെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം അഗ്നിവീര്‍മാരുടെ ഉത്തരവാദിത്വം ശിപായിക്കും തുല്യം ആണെങ്കില്‍, എങ്ങനെയാണ് അവര്‍ക്ക് കുറഞ്ഞ വേതനം നല്‍കാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞു. അഗ്നിവീര്‍മാര്‍ക്കും ശിപായിമാര്‍ക്കും തുല്യ ഉത്തരവാദിത്വം അല്ലെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി. സൈന്യത്തില്‍ സ്ഥിരം നിയമനം ലഭിക്കാത്ത ആയുധ പരിശീലനം ലഭിച്ച അഗ്നിവീര്‍മാരുടെ പുനഃരധിവാസം എങ്ങനെ ആയിരിക്കുമെന്നും കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച പദ്ധതി സത്യവാങ്മൂലമായി ഫയല്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button