പാറ്റ്ന: കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരുണ്ടാക്കാൻ എൻഡിഎ സഖ്യത്തിന് ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണ അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിൽ നിതീഷ് കുമാർ ബിജെപിക്ക് മുന്നിൽ ഉപാദിവച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മൂന്ന് കാബിനറ്റ് മന്ത്രിമാരെ നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ കേന്ദ്ര സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച അഗ്നിവീറിൽ മാറ്റം വരുത്തണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് ജെഡിയു. സായുധ സേനയുടെ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി ജെഡിയു വിശ്വസിക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ, യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു. ഇതിനുശേഷം, 25ശതമാനം അഗ്നിവീറുകൾ മാത്രമേ നിലനിർത്തൂ, ബാക്കിയുള്ളവരെ ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി റിലീസ് ചെയ്യുന്നതാണ്.
ഈ പദ്ധതി ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രകടന പട്ടികയിലും ഇത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അഗ്നിവീർ പദ്ധതിയിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജെഡിയു. പദ്ധതിയിൽ മാറ്റം വരുത്തണമെന്ന് ജെഡിയു വക്താവ് കെസി ത്യാഗി ആവശ്യപ്പെട്ടു.
‘അഗ്നിവീർ പദ്ധതി നടപ്പാക്കിയത് മുതൽ വലിയ വിമർശനങ്ങളാണ് നേരിട്ടത്. പദ്ധതി കാരണം തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും നമ്മൾ കണ്ടു. അതുകൊണ്ട് അഗ്നിവീർ പദ്ധതിയിൽ മാറ്റം വരുത്തണം. അഗ്നിവീർ പദ്ധതിയിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണ്. പൊതുസമൂഹം ചോദ്യം ചെയ്ത ആ പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ പാർട്ടിയുടെ ആവശ്യം. ജെഡിയു പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രി എന്ന നിലയിലും നിതീഷ് കുമാർ ലോ കമ്മീഷൻ മേധാവിക്ക് കത്തെഴുതിയിരുന്നു. ഞങ്ങൾ പദ്ധതിക്ക് എതിരല്ല, എന്നാൽ ചില മാറ്റങ്ങൾ ആവശ്യമാണ്’- കെസി ത്യാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജെഡിയു ഇപ്പോൾ മുന്നോട്ടുവച്ച ആവശ്യം എൻഡിഎ ഗൗരവത്തോടെ കണ്ടേക്കും. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ജെഡിയുവിന്റെ പിന്തുണ നിർണായകമാണ്. സർക്കാർ രൂപീകരിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ നടക്കുകയാണ്. മന്ത്രി പദവിയുമായി ബന്ധപ്പെട്ട് ബിജെപി എൻഡിഎയ്ക്ക് മുമ്പിൽ ഫോർമുല വച്ചെന്നാണ് റിപ്പോർട്ട്.