കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം; കടയിലേക്ക് ഇടിച്ചു കയറി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു.

രണ്ട് ദിവസം മുന്നേ കണ്ണൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടിരുന്നു. മംഗലാപുരത്ത് നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലര്‍ച്ചെ മൂന്ന് മണിയോടെ മേലേ ചൊവ്വയില്‍ വച്ചാണ് നിയന്ത്രണം വിട്ടത്. കുന്നിറക്കത്തില്‍ റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം മണ്‍ തിട്ടയിലേക്ക് ചെരിഞ്ഞു.

വാതക ചോര്‍ച്ച ഉണ്ടാകാത്തത് അപകടം ഒഴിവാക്കി. രാവിലെ രണ്ട് ക്രെയിനുകളെത്തിച്ചാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ഒരാഴ്ച മുമ്പാണ് ഇതിന് തൊട്ടടുത്ത് ചാലയില്‍ ടാങ്കര്‍ മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News