KeralaNews

മൃതദേഹം കത്തിക്കുമ്പോഴുള്ള പുകയിലൂടെ കൊവിഡ് പകരുമോ? സംസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ആലപ്പുഴ: കൊവിഡ് രോഗം പകരുന്നത് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലെ വൈറസിലൂടെയോ മറ്റു പ്രതലങ്ങളില്‍ പറ്റിയിരിക്കുന്ന സ്രവങ്ങളിലെ വൈറസ് സ്പര്‍ശിക്കുന്നതിലൂടെ മറ്റുള്ളവരിലെത്തുമ്പോഴുമാണ്. കൊവിഡ് രോഗം ബധിച്ച് മരിച്ച വ്യക്തിയില്‍ നിന്നു മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത വളരെക്കുറവാണ് എന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

രോഗി മരിക്കുമ്പോള്‍ തന്നെ സ്രവങ്ങള്‍ തുമ്മല്‍, ചുമ എന്നിവയിലൂടെ പുറത്തു വരുന്ന സാധ്യത ഇല്ലാതെയാകുന്നു. ശരീരത്തിലെ സ്രവങ്ങള്‍ പുറത്തു വരാനിടയുള്ള ദ്വാരങ്ങള്‍ പഞ്ഞിവച്ചും കുത്തിവയ്പിനും മറ്റുമുള്ള ദ്വാരങ്ങളും അടച്ച് ശവശരീരത്തില്‍ നിന്നും സ്രവം പുറത്തുവരാനുള്ള സാധ്യത ഇല്ലാതെയാക്കുന്നു.

തുടര്‍ന്ന് മൃതദേഹം ബ്ലീച്ചിങ്ങ് ലായനിയില്‍ കഴുകി അണുവിമുക്തമാക്കിയശേഷം രണ്ട് പാളി പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ് ചോര്‍ച്ച പ്രതിരോധിക്കുന്ന പ്ലാസ്റ്റിക് കവറില്‍ അടച്ചനിലയിലാണ് ആശുപത്രിയില്‍ നിന്നു വിട്ടുകൊടുക്കുന്നത്. കവറിനു പുറത്തും ബ്ലീച്ചിംഗ് ലായനി സ്പ്രേ ചെയ്യുന്നു. അത്രയും സുരക്ഷിതമായി മൃതദേഹം അണുവിമുക്തമാക്കിയിരിക്കും.

മൃതദേഹം ഒരു മീറ്റര്‍ അകലെ നിന്ന് മാസ്‌ക് ധരിച്ച് സുരക്ഷയുറപ്പാക്കി കാണുന്നതിനും ആവശ്യ ആചാരങ്ങള്‍ നടത്തുന്നതിനും അപകടമില്ല. മരണാനന്തര ചടങ്ങില്‍ ഏറ്റവും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുക. രോഗിയുടെ വീട്ടിലെ അംഗങ്ങളും ഒരു പക്ഷേ രോഗ വാഹകരാകാം, മൃതദേഹം കത്തിക്കുന്നതിനും 10 അടി ആഴത്തില്‍ കുഴിച്ചിടുന്നതിനും തടസ്സമില്ല.

ശവസംസ്‌കാരം നിര്‍ദ്ദേശമനുസരിച്ച് നടത്തുന്നതിലൂടെ രോഗ ബാധ ആര്‍ക്കും ഉണ്ടാകില്ല. മൃതദേഹം കത്തിക്കുമ്പോഴുള്ള പുകയിലൂടെയോ കുഴിച്ചിടുമ്പോള്‍ മണ്ണിലൂടെ ജലത്തില്‍ കലര്‍ന്നോ രോഗപ്പകര്‍ച്ച ഉണ്ടാകില്ല. എന്നാല്‍ മൃതദേഹത്തെ സ്പര്‍ശിക്കുകയോ ഉമ്മവയ്ക്കുകയോ കുളിപ്പിക്കുകയോ ചെയ്യരുതെന്നും അറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker