കോട്ടയത്ത് വീണ്ടും കൊറോണ; ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ 29 വയസുകാരിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.

ഇവരുടെ ആദ്യ പരിശോധനാ ഫലം സാമ്പിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. കുട്ടിയും അമ്മയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുവൈത്തില്‍ നിന്ന് ഇരുവരും കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇവര്‍ എത്തിയ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ എത്തിയിരുന്നു. ഇതില്‍ ഒമ്പത് പേര്‍ നിരീക്ഷണ കേന്ദ്രത്തിലും 12 പേര്‍ ഹോം ക്വാറന്റൈയിനിലുമാണ്. ഇവര്‍ നെടുമ്പാശേരിയില്‍ നിന്നു മടങ്ങിയ ടാക്‌സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരും നിരീക്ഷണത്തിലാണ്. ഇരട്ട ചേംബറുള്ള ടാക്‌സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News