കൊച്ചി: കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.
കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കുമെന്നുള്ള ഭീഷണി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച ആള്‍ കപ്പല്‍ശാല അധികൃതരോട് ആദ്യം ബിറ്റ് കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെട്ടിരിന്നു. കുടുംബം തീവ്രവാദികളുടെ പിടിയിലാണെന്നും അവരെ രക്ഷിക്കുന്നതിനു മോചനദ്രവ്യമായി രണ്ടര ലക്ഷം യുഎസ് ഡോളര്‍ നല്‍കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള സന്ദേശത്തില്‍ ബിറ്റ് കോയിന്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വിലാസമുള്‍പ്പെടെ ചേര്‍ത്തിരുന്നു. സ്വകാര്യമായി മെയിലുകള്‍ അയയ്ക്കുന്നതിനുള്ള ആപ് ഉപയോഗിച്ചാണ് ഇമെയിലുകളെല്ലാം അയച്ചത്. അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇമെയില്‍ ആപ്പാണിത്. ഇതിന്റെ വിവരങ്ങള്‍ സര്‍ക്കാരിനുപോലും കൈമാറില്ലെന്നതാണ് ആപ് പുറത്തിറക്കിയ കമ്പനിയുടെ നിലപാട്.
തീവ്രവാദ സംഘങ്ങളുള്‍പ്പെടെ ഈ ആപ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നു സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇമെയില്‍ ഉറവിടം കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല, ഇതിനു ശ്രമിച്ച ഉദ്യോഗസ്ഥരുടെ വിലാസങ്ങളിലേക്കു തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ കപ്പലിനു ബോംബിടുമെന്നായിരുന്നു ഈ സന്ദേശങ്ങളെല്ലാം. കപ്പല്‍ശാലയ്ക്കുള്ളിലെ ചില പ്രത്യേക മേഖലകള്‍ കൃത്യമായി എടുത്തുപറഞ്ഞ് ഇവിടെയെല്ലാം ബോംബു വച്ചു തകര്‍ക്കുമെന്നായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം.