എക്‌സൈസിനെ കണ്ട് ഓടിയയാള്‍ ഡാമില്‍ വീണ് മരിച്ചു

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയയാള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി(47)ആണ് മരിച്ചത്. ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു. ഈ സംഭവമറിഞ്ഞാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

ബെന്നിയുടെ കോഴിക്കടയില്‍ വ്യാജമദ്യം വില്‍ക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള കുളമാവ് ജലാശയത്തിന് സമീപമായിരുന്നു ബെന്നിയുടെ കട. വനത്തിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഡാമില്‍ തെന്നി വീണാണ് ബെന്നി മരിച്ചതെന്ന് പോലീസ് പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയ ബെന്നി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂലമറ്റത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന ബെന്നിയുടെ മൃതദേഹം ജലാശയത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News