പാലക്കാട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തിനു പിന്നാലെ പാലക്കാടും സമാന സംഭവം. പാലക്കാട്ടും കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കിയതായി റിപ്പോര്‍ട്ട്. കരുണ മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി മരിച്ച രണ്ട് പേരുടെ മൃതദേഹമാണ് മാറി നല്‍കിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയായിരുന്നു ഇത്.
മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്‌സുമാരും അറ്റന്‍ഡര്‍മാരുമാണ് നടപടിക്ക് വിധേയരായത്.
തിരുവനന്തപുരത്തും ഇതേ സംഭവം നടന്നിരുന്നു. കൊവിഡ് ബാധിതനായ നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി പ്രസാദിന്റെ മൃതദേഹം മോര്‍ച്ചറി ജീവനക്കാരന്‍ മാറി നല്‍കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രസാദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ് മോര്‍ച്ചറി ജീവനക്കാറില്‍നിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം മാറി നല്‍കിയാതായി കണ്ടെത്തി.
പ്രസാദിന്റെ ബന്ധുക്കള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരന്‍ മോഹന കുമാരനെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.