കൊച്ചി:മലയാള സിനിമയിലെ കോമഡിയുടെ രാജാവ് എന്നറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സലിംകുമാർ. സ്വതസിദ്ധമായ അദ്ദേഹത്തിന്റെ കഴിവുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് പൊട്ടിച്ചിരിയുടെ മാലപ്പടക്കം തന്നെ ആയിരുന്നു. എന്നെന്നും ഓർത്തു ചിരിക്കാൻ പറ്റുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളും സംഭാഷണങ്ങളും സലിം കുമാർ ഇതിനോടകം തന്നെ സംഭാവന ചെയ്തു കഴിഞ്ഞതാണ്.
ഹാസ്യ വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഉൾപ്പെടെ തനിക്ക് ലഭിക്കുന്ന എന്ത് കഥാപാത്രവും തനിക്ക് ഒരുപോലെ വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞതാണ്. സിനിമയ്ക്ക് പുറത്തും എന്ത് കാര്യങ്ങളെയും തമാശയുടെ രൂപത്തിൽ സമീപിക്കുവാൻ സലിം കുമാറിനുള്ള കഴിവ് പ്രശംസനീയമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം ജീവിതത്തിലെ എന്ത് പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചാലും അതിൽ നർമ്മം കലർത്തി പ്രേക്ഷകരെ ചിരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഈ അടുത്തിടെ അദ്ദേഹം പങ്കെടുത്ത ഒരു അഭിമുഖത്തിൽ ജീവിതത്തിൽ മരണം മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് സംസാരിച്ചിരുന്നു.
“ഞാൻ വയ്യാണ്ട് ഐസിയുവിൽ കിടക്കുന്ന സമയത്ത് ചുറ്റിനും ഒരുപാട് രോഗികൾ ഉണ്ട്. എനിക്ക് ശരിക്കും എനിക്ക് വലിയ അസുഖങ്ങൾ ഒന്നുമില്ല. ഡോക്ടർ എന്നോട് വെൽ ട്രീറ്റ്‌മെന്റ് കിട്ടാൻ വേണ്ടി രണ്ടു ദിവസം അവിടെ കിടക്കാൻ പറഞ്ഞതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് കരുതി ഞാൻ അവിടെ കിടക്കുകയാണ്. അപ്പോൾ തൊട്ട് അടുത്ത് കിടക്കുന്ന ആൾ ആദ്യം മരിച്ചു, പിന്നെ ഇപ്പുറത്ത് കിടക്കുന്ന ആൾ മരിച്ചു. ഏതാണ്ട് പടക്കം പൊട്ടുന്ന പോലെ ആളുകൾ മരിക്കുകയാണ് അവിടെ. ഞാൻ ഇതൊക്കെ കണ്ടോണ്ടിരിക്കുകയാണ്.
അവരുടെ ബന്ധുക്കൾ ഒക്കെ വരുന്നു പോകുന്നു. അപ്പോൾ അങ്കമാലി ഭാഗത്തുള്ള ഒരു അമ്മ വന്നിട്ട് ചോദിക്കുകയാണ് എന്റെ മോനെ വേറെ എവിടേലും കൊണ്ട് പോയാൽ രക്ഷപെടുത്താൻ പറ്റുമോ എന്ന്. കരച്ചിലോടെയുള്ള ആ ചോദ്യം എനിക്ക് തന്നെ സങ്കടം വന്നു. വയസായ ഒരു സ്ത്രീ ആണ്. അവരിത് പറഞ്ഞു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ മരിച്ചു എന്ന റിപ്പോർട്ട് വന്നു.
വെൽ അറേഞ്ച്ഡ് ആയിട്ടാണ് നമ്മൾ ആ ഐസിയുവിന്റെ ഉള്ളിൽ കിടക്കുന്നത്. ആരോ എഴുതിയ സ്ക്രിപ്റ്റ് പോലെയാണ് അവിടെ കാണുന്ന ജീവിതങ്ങൾ. എന്റെ തൊട്ട് അടുത്ത് കിടക്കുന്നവരാണ് മരിക്കുന്നത്. ഇത് എന്നിലേക്ക് വരാൻ അധിക സമയം വേണ്ടാ. ജീവിതം ഇത്രയേ ഉള്ളു, നമ്മൾ എന്തൊക്കെ നാഷണൽ അവാർഡ് വാങ്ങിച്ചാലും ജീവിതം ഒരു ഐസിയു എന്ന മൂന്നക്ഷരത്തിൽ തീരുന്ന അത്രയേ ഉള്ളു. ആ ഞാൻ എന്ത് അഹങ്കരിക്കാൻ ആണ്, എന്ത് തൃപ്തിയോടെ ജീവിക്കാനാണ്’ – സലിം കുമാർ പറയുന്നു.