27.8 C
Kottayam
Thursday, May 23, 2024

ആദർശിന്റേത് മുങ്ങിമരണമല്ല,കൊലപാതകം; 14 വർഷത്തിനു ശേഷം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്‌

Must read

രതന്നൂർ: പതിന്നാലുവർഷം മുമ്പ് 13-കാരനെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പോലീസ് അന്വേഷണത്തിൽ മുങ്ങിമരണമെന്ന് കണ്ടെത്തിയ സംഭവമാണ് വീണ്ടും നടത്തിയ മൃതദേഹാവശിഷ്ട പരിശോധനയ്ക്കും അന്വേഷത്തിനുമൊടുവിൽ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് മാതാപിതാക്കൾക്ക് കൈമാറി.

ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശിനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിനു സമീപത്തുള്ള വയൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലുവാങ്ങാൻ പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കുളത്തിൽ കണ്ടത്. അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കുളത്തിൽനിന്നു മൃതദേഹം കണ്ടെത്തിയതിനാൽ മുങ്ങിമരണമെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.

എന്നാൽ, കർമസമിതിയുടെയും ബന്ധുക്കളുടെയും പരാതിയെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. മൃതദേഹംകണ്ട കുളം വറ്റിച്ചപ്പോൾ മർദിച്ചതെന്ന് സംശയിക്കുന്ന മൺവെട്ടിക്കൈ ലഭിച്ചിരുന്നു. ആദർശിന്റെ രക്തംപുരണ്ട വസ്ത്രങ്ങൾ കുളത്തിനു സമീപത്തുനിന്നു കിട്ടി. അതിനാൽ മറ്റെവിടെയോവെച്ച് കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചതാകാമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. തുടർന്ന് 2019 ഒക്ടോബർ 14-ന് റീ പോസ്റ്റ്മോർട്ടത്തിനായി ശവക്കല്ലറ തുറക്കുകയും ആദർശിന്റെ മൃതദേഹാവശിഷ്ടങ്ങളെടുക്കുകയും ചെയ്തു.

റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നിരുന്നെന്നും നട്ടെല്ലിനു ക്ഷതമേറ്റന്നും കണ്ടെത്തി. ശ്വാസകോശത്തിൽ കുളത്തിലെ വെള്ളമില്ലായിരുന്നു. ഇതോടുകൂടി മുങ്ങിമരണസാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞു.

കൊലപാതകമെന്ന് ഉറപ്പിക്കുമ്പോഴും പതിന്നാലുവർഷമായി ഇരുട്ടിൽക്കഴിയുന്ന കൊലപാതകിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയാത്ത പോലീസ് നടപടിയിൽ ദുഃഖിതരാണ് ആദർശിന്റെ മാതാപിതാക്കൾ. സംസ്ഥാന അന്വേഷണ ഏജൻസികൾ എല്ലാം കൈയൊഴിഞ്ഞ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണത്തിനുവേണ്ടി മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഒരുങ്ങുകയാണിവർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week