24.3 C
Kottayam
Tuesday, October 1, 2024

‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

Must read

കായംകുളം: ഞായറാഴ്ച ലോക്ക്ഡൗണില്‍ കേരള പോലീസിന്റെ പരിശോധനയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്നം എന്ന് പറഞ്ഞെന്നും അഫ്സല്‍ പറയുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യില്‍ ഉണ്ടെന്നിരിക്കെ ‘സംഘി പോലീസ്’ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഫ്‌സല്‍ കുറിപ്പില്‍ പറയുന്നു.

ഓച്ചിറ പോലീസ് ഐഎസ്എച്ച്ഒ പി വിനോദിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ പോലീസ് ആവശ്യപ്പെടുന്നത്. അഫ്‌സലിന്റെ ഉമ്മ കാര്യം തിരക്കിയതോടെ അവരുടെ വസ്ത്രമായ പര്‍ദ്ദ തന്നെയാണ് പ്രശ്‌നമെന്ന് പോലീസ് ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. ഒടുവില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിളിച്ച് കാര്യം അറിയിച്ച് പരിഹരിക്കുകയായിരുന്നുവെന്നും അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.

അഫ്‌സലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി…

കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചത്തേയ്ക്ക് കോളേജ് അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടില്‍ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്ഥിരമായി കായംകുളം പോകുന്നത്. വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ബസ് സ്റ്റോപ്പ്.

രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പില്‍ കൊണ്ടാക്കിയ ശേഷം ഞാന്‍ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാല്‍ കാര്‍ എടുത്തു വരാന്‍ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ്‍ ആയതിനാല്‍ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറില്‍ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65 കിലോമീറ്റര്‍ പിന്നിട്ട് ഓച്ചിറ എത്തി.

7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജില്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്മൂലവും കാണിക്കുകയും മോളുടെ കോളേജില്‍ (MSM കോളേജ്, 6 കിലോമീറ്റര്‍ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

‘നിങ്ങള്‍ പോകേണ്ട, തിരിച്ചു പോകൂ…’ഇന്‍സ്‌പെക്ടര്‍ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി.’നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ’അദ്ദേഹം വീണ്ടും പറഞ്ഞു.’അതെന്താണ് സര്‍, ഞങ്ങള്‍ 7 ഓളം ചെക്കിങും 70 കിലോമീറ്റര്‍ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയത്. 5 കിലോമീറ്റര്‍ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങള്‍ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകള്‍ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങള്‍ പറയുന്നത്..?’

ഉമ്മച്ചി ചോദിച്ചു.’നിങ്ങള്‍ പറഞ്ഞാല്‍ കേട്ടാല്‍ മതി. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചത് കൊണ്ടു നിങ്ങള്‍ തിരിച്ചു പോകൂ. കൂടുതല്‍ സംസാരിച്ചാല്‍ കേസെടുക്കും..’ഇന്‍സ്‌പെക്ടരുടെ ഭാവം മാറി…’നിങ്ങള്‍ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇന്‍സ്‌പെക്ടര്‍ സാര്‍, 70 കിലോമീറ്റര്‍ ദൂരത്തു നിന്നാണ് ഞങ്ങള്‍ വരുന്നത്, 5 വയസുള്ള മോന്‍ കൂടെയുണ്ട്. അല്പം കൂടി പോയാല്‍ കോളേജ് ആയി. ഞങ്ങളെ പോകാന്‍ അനുവദിക്കൂ…’

ഉമ്മച്ചി വണ്ടിയില്‍ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകള്‍ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.’ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്‌നം, ഞാന്‍ ഇട്ടിരിക്കുന്ന പര്‍ദ ആണോ സാര്‍ കാണുന്ന വ്യത്യാസം’ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇന്‍സ്‌പെക്ടരോട് പറഞ്ഞു.

‘അതേ…നിങ്ങളുടെ വസ്ത്രം പ്രശ്‌നം തന്നെയാണ്. വസ്ത്രം പ്രശ്‌നം തന്നെയാണ്…’ഇന്‍സ്‌പെക്ടര്‍റുടെ ഭാവം മാറി..അതുവരെ ഞാന്‍ മിണ്ടിയിരുന്നില്ല. പര്‍ദ പ്രശ്‌നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാന്‍ ഇന്‍സ്‌പെക്ടരുടെ നെയിം പ്‌ളേറ്റ് നോക്കിയത്.. VINOD P…പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത് നിര്‍ത്തി ജീപ്പില്‍ കയറി ഇരിക്കുന്ന ഇന്‍സ്‌പെക്ടറുടെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസിലായി.

ഉമ്മച്ചിക്ക് നേരത്തെ മനസിലായി. വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇന്‍സ്‌പെക്ടറോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.’നിങ്ങള്‍ ഇന്ന് പോകില്ല. നിങ്ങളെ ഞാന്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകും..’ഇന്‍സ്‌പെക്ടയുടെ ഭാഷയില്‍ ഭീഷണിയുടെ സ്വരം. ഞാന്‍ ഫോണെടുത്തു, ആദ്യം കൊല്ലം റൂറല്‍ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. ശേഷം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോണ്‍ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.

‘ടെന്‍ഷന്‍ ആവേണ്ട. ഞാന്‍ നോക്കിക്കൊളാം അഫ്‌സല്‍..’എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുന്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. ‘എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട’ എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.’നിനക്ക് എത്ര ഹിന്ദുക്കള്‍ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരില്‍ കേസ് ഉണ്ടോടാ..നിന്നെ ഞാന്‍ കോടതി കയറ്റും..’ഇന്‍സ്‌പെക്ടര്‍ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.

ആ വെയിലത്തു നിന്ന് അനിയന്‍ കരച്ചില്‍ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോണ്‍ കോളുകള്‍ വന്നു കാണണം.’എടുത്തോണ്ട് പോടാ…നീ കോടതി കയറും..’എന്നെ നെഞ്ചില്‍ തള്ളിക്കൊണ്ട് അയാള്‍ ആക്രോശിച്ചു..’എന്റെ മകനെ തൊട്ടു പോകരുത്…’ഉമ്മച്ചി പറഞ്ഞു..ഞാന്‍ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറില്‍ കയറ്റി കോളേജിലേക്ക് പോയി..വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പോലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു.

ഉമ്മച്ചിയും അനിയനും 1 മണിക്കൂര്‍ വെയില്‍ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പോലീസുകാര്‍ പിണറായി വിജയനെയും കൊണ്ടേ പോകൂ..ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷന്‍. തിരിച്ചു പോകേണ്ടി വരാതെയിരിക്കാന്‍നിരന്തരം ഇടപെട്ട കോണ്‍ഗ്രസ് പ്രസിഡന്റിനും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week