മുംബൈ: ടീമിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എഎഫ്സി വനിതാ ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ചൈനീസ് തായ്പെയ്ക്കെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറി. കളിക്കാൻ 13 താരങ്ങളെ സജ്ജമാക്കണമെന്നാണ് നിയമം. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും രണ്ട് താരങ്ങളെ റിസർവ് ആയും നിർത്തണം. എന്നാൽ പലരുടേയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് അയതോടെ ഇന്ത്യ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
മത്സരത്തിന് ഒരു മണിക്കൂർ മുമ്പാണ് ഇന്ത്യൻ ടീം അധികൃതർ താരങ്ങൾക്ക് കോവിഡ് ബാധിച്ചതായി അറിയിച്ചത്. ആ സമയം ചൈനീസ് തായ്പെയ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങി വാം അപ് തുടങ്ങിയിരുന്നു. ഇതോടെ ചൈനീസ് തായ്പെയിക്ക് വാക്ക് ഓവർ ലഭിച്ചു. ഇന്ത്യയുടെ വിലപ്പെട്ട മൂന്നു പോയിന്റും നഷ്ടമായി.
ഇനി ബുധനാഴ്ച്ച ചൈനയ്ക്കെതിരേയാണ് ഇന്ത്യയുടെ മത്സരം. താരങ്ങൾ ഐസൊലേഷനിൽ തുടരുന്നതിനാൽ ആ മത്സരവും കളിക്കാൻ ഇന്ത്യക്കാകില്ല. ഇതോടെ ഇന്ത്യൻ വനിതകൾ ടൂർണമെന്റിൽ നിന്ന് പുറത്താകാനാണ് സാധ്യത. ഇനി ഈ മത്സരങ്ങൾ എഎഫ്സി അധികൃതർ വീണ്ടും നടത്തിയാൽ മാത്രമേ ഇന്ത്യക്ക് നേരിയ സാധ്യതയുള്ളു. നേരത്തെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇറാൻ ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
ഇറാനെതിരായ മത്സരത്തിന് മുമ്പുതന്നെ ഇന്ത്യയുടെ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. ദീർഘകാലമായി ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കടുത്ത നിരാശയാണ് കോവിഡ് സമ്മാനിച്ചത്. ഇന്ത്യൻ ടീം തകർന്നിരിക്കുകയാണെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.