കൊച്ചി:അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വണ്ടര്‍ വുമണ്‍’. നവംബര്‍ 18 നു സോണി ലിവില്‍ വണ്ടര്‍ വുമണ്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്ത്, പത്മ പ്രിയ, നിത്യ മേനന്‍, സയനോര, നദിയ മൊയ്തു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് വണ്ടര്‍ വുമണിലെ മറ്റ് അഭിനേതാക്കള്‍.
ആറ് ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രത്തില്‍ പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറ പ്രഗ്‌നന്‍സിയെ കൈകാര്യം ചെയ്യുന്ന രീതിയും മാറ്റങ്ങളും സമീപനങ്ങളുമൊക്കെയാണ് പറയുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം മനീഷ് മാധവന്‍.
ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്. ചിത്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ.ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പല്‍ ഇങ്ങനെ പറയുന്നു.
അഞ്ജലി മേനോന്റെ ‘Wonder Women’ കാണാൻ ഒരു പരിശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ട മനോവേദനയിലാണ് ഈ കുറിപ്പ്.
സിനിമയുടെ ആദ്യത്തെ 5 മിനിറ്റ് ഞാൻ കടന്നെടുത്തത് തന്നെ ഏറെ പണിപ്പെട്ടാണ്. നാട്ടിലെ അറിയപ്പെടുന്ന ചില ഫെമിനിച്ചികൾ ഉൾപ്പടെ കുറച്ച് പെണ്ണുങ്ങളുടെ വയറ്റിൽ റബർഗർഭം വെച്ച് കെട്ടിയുള്ള അറുബോറൻ പ്രകടനങ്ങൾ. എന്റെ പ്രിയനടിമാരായ നിത്യ മേനനെയും നദിയ മൊയ്തുവിനെയും കാണാനായി മാത്രം പിന്നെയും 5 -10 മിനുട്ടുകൾ കണ്ടിരുന്നു. ക്ഷമയുടെ നെല്ലിപലക കണ്ടു തുടങ്ങിയപ്പോൾ ഫാസ്റ്റ് ഫോർവേഡ് / സ്കിപ്പ് എന്നിവ കൊടുത്തു. അവസാനത്തെ 10 മിനുട്ടുകൾ കൂടി കണ്ടു. പറയാതെ വയ്യ. സിനിമയുടെ കണ്ട ഭാഗം അതിഭീകരലാഗ്! കാണാത്ത, കാണാൻ തോന്നാത്തതും ക്ഷമകെട്ടതുമായ ഭാഗം കാണാൻ തോന്നിപ്പിക്കും വിധം ഗ്രിപ്പിംഗായ കണ്ടന്റ് കണ്ട ഭാഗത്തിൽ കിട്ടിയതുമില്ല. ചുരുക്കി പറഞ്ഞാൽ, കൃത്യമായി പറഞ്ഞാൽ ഉള്ളു പൊള്ളയായ ഒരു പാഴ് സിനിമാ സംരംഭം. ഞാനൊരു സാധാരണ സിനിമാപ്രേക്ഷകയാണ്. ഞാനീ എഡിറ്റിംഗും കോപ്പുമൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അതുകൊണ്ടാവണം സിനിമയുടെ തുടക്കം മുതൽ തന്നെ വല്ലാത്ത ലാഗ് തോന്നി തുടങ്ങിയത് പോകെ പോകെ അസഹനീയമായി എന്നു തന്നെ പറയേണ്ടതുണ്ട്.
ആക്ച്വലി, എനിക്കിത് കിട്ടണം. അഞ്ജലി മേനോന്റെ ‘കൂടെ’ സിനിമ കണ്ടതിന്റെ മടുപ്പും ചവർപ്പും ക്ഷീണവും മാറിയിരുന്നില്ല എനിക്ക്. എന്നിറ്റും അഞ്ജലി മേനോന്റെ ‘Wonder Women’ എന്ന് കേട്ട പാതി കേൾക്കാത്ത പാതി മറ്റ് കാര്യങ്ങളൊക്കെ മാറ്റി വെച്ച് ചാടി തുള്ളി സിനിമ കാണാനിരുന്ന എനിക്കിത് തന്നെ കിട്ടണം!
പറഞ്ഞല്ലോ, ഞാനീ എഡിറ്റിംഗും കോപ്പുമൊന്നും പഠിച്ചിട്ടില്ല. സിനിമ മേക്കിംഗ് എങ്ങനെയെന്ന് അറിയുകയുമില്ല. സിനിമാലോകത്ത് സുഹൃത്തുകൾ ഏറെയുണ്ടെങ്കിലും ഒരു ലോക്കേഷനിലും പോയിരുന്ന് ഷൂട്ടിംഗ് കണ്ടിട്ട് പോലുമില്ല. അതുകൊണ്ടാവണം മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡേയ്സും മടുക്കാതെ എല്ലാം മറന്ന് സ്വയം മറന്ന് ഇരുന്ന് കണ്ടാസ്വദിച്ചിട്ടുണ്ട്. ഒരിക്കലല്ല, പലവട്ടം, ഒരുപാട് ഒരുപാട് വട്ടം. പറഞ്ഞു വന്നതിന്റെ സാരം ഇതാണ് – അഞ്ജലി മേനോൻ, ഓൾ ഇസ് നോട്ട് ലോസ്റ്റ് യെറ്റ് ! കീപ്പ് യുവർസെൽഫ് ഇൻ ഗുഡ് കമ്പനി, പിക്ക് യുവർ റൈറ്റ് ഫ്രണ്ട്സ്, പിക് യുവർസെൽഫ് അപ്പ് ആന്റ് സേവ് യുവർസെൽഫ്! നൗ ഓർ ഇറ്റ് മെ ബിക്കം നെവർ ഫോർ യൂ! ബിവേർ! റ്റേക്ക് കേയർ, മൈ വൺസ് അപ്പോൺ എ റ്റൈം ഫേവറിറ്റ് ഫിലിം മേക്കർ!
# ഇത് കൂടി പറയാതെ വയ്യ, ഇത് കൂടി ചോദിക്കാതെ വയ്യ! മോഹൻലാൽ സിനിമ പിടിച്ചാലും പ്രിത്വിരാജ് സിനിമ പിടിച്ചാലും ഫെമിനിച്ചികൾ സിനിമ പിടിച്ചാലും എന്ത് കൊണ്ടാണ് സിനിമാനടി ഭാവനയെ കൂടി അവരുടെയൊക്കെ സിനിമകളിൽ അവസരം കൊടുത്ത് അഭിനയിപ്പിക്കാത്തത്? എന്തുകൊണ്ടാണ്, സിനിമാനടി ഭാവനയ്ക്ക് സിനിമയിലെ അവസരങ്ങൾ ഇല്ലാതെയാക്കി എന്നൊക്കെ മുറവിളി കൂട്ടുന്നവർ ഈ ചോദ്യം അഡ്രസ് ചെയ്യാത്തത്? എന്തായാലും വെച്ചുകെട്ട് ഗർഭങ്ങൾ – എന്നാൽ പിന്നെ സിനിമാനടി ഭാവനയ്ക്ക് വേണ്ടി കൂടി ഒരു കഥാപാത്രം എഴുതിയുണ്ടാക്കി അവളെ കൂടി ‘Wonder Women’ ൽ ഉൾപ്പെടുത്താമായിരുന്നു.
വയ്യ, ഇല്ല എന്ന് സിനിമാനടി ഭാവന പറഞ്ഞാലും അഞ്ജലിയും കൂട്ടരും അവളെ പറഞ്ഞു മനസ്സിലാക്കി കൈപിടിച്ച് കൂട്ടി കൊണ്ടുവന്ന് അവസരം കൊടുത്ത് അഭിനയിപ്പിക്കാമായിരുന്നു. അഞ്ജലി മേനോൻ അത് ചെയ്യാത്തതിൽ എനിക്ക് അതിയായ കുണ്ഠിതമുണ്ട് എന്നു കൂടി പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുകയാണ്.
എന്ന് ;
പ്രൊഫഷണൽ നിരൂപകയല്ലാത്തതും,എഡിറ്റിംഗും കോപ്പുമൊന്നും പഠിച്ചിട്ടില്ലാത്തതുമായ ഒരു സാധാരണക്കാരി സിനിമാപ്രേക്ഷക
സംഗീതാ ലക്ഷ്മണ.