വക്കാലത്ത് നല്‍കാത്തതിന്റെ പേരില്‍ ഭീഷണി; അഭിഭാഷക ദമ്പതികള്‍ക്കെതിരെ പരാതി

കോട്ടയം: വക്കാലത്ത് നല്‍കാത്തതിന്റെ പേരില്‍ അഭിഭാഷക ദമ്പതികള്‍ ഭീഷണിപ്പെടുത്തിയതായി കുടുംബത്തിന്റെ പരാതി. കോട്ടയം ചങ്ങനാശ്ശേരിയില്‍ അപകടത്തില്‍ മരിച്ച സേതുനാഥിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. പത്തനംതിട്ടയിലുള്ള അഭിഭാഷക ദമ്പതികള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

ജൂലൈ 28ന് ചങ്ങനാശേരി ബൈപ്പാസില്‍ നടന്ന ബൈക്ക് അപകടത്തിലാണ് സേതുനാഥ് മരിച്ചത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ മത്സരയോട്ടം നടത്തിയ മറ്റൊരു ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സേതുനാഥും സുഹൃത്തും മത്സരയോട്ടം നടത്തിയ ഒരു യുവാവ് മരിച്ചു.

സംഭവം നടന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷക ദമ്പതികള്‍ സേതുനാഥിന്റെ കുടുംബത്തെ സമീപിച്ചു. നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് നിരസിച്ചതോടെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് ആരോപണം.

മരണത്തിന്റെ ഞെട്ടല്‍ വിട്ടു മാറും മുമ്പ് മറ്റ് അഭിഭാഷകരും കേസ് പിടിക്കാന്‍ വീട്ടില്‍ എത്തി. സോമനാഥന്റെ കുടുംബം ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇവര്‍ പത്തനംതിട്ട കളക്ടറെയും സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News