ആലപ്പുഴ: മുതുകുളത്ത് അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ക്രൂരമായി ആക്രമിക്കുകയുംചെയ്ത മകന്‍ ലഹരിക്കടിമയെന്ന് പോലീസ്. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നവജിത്ത് നടരാജന്‍(30) ആണ് അച്ഛന്‍ നടരാജനെ(62) അതിദാരുണമായി വെട്ടിക്കൊന്നത്. ആക്രമണത്തില്‍ നവജിത്തിന്റെ അമ്മ സിന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെ നടരാജന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കുടുംബവഴക്കും പണത്തെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് ക്രൂരമായ ആക്രമണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതി നവജിത്ത് നടരാജന്‍ മാവേലിക്കര ബാറിലെ അഭിഭാഷകനാണ്.
വാക്കത്തി കൊണ്ടാണ് നവജിത്ത് മാതാപിതാക്കളെ ആക്രമിച്ചത്. നടരാജന്റെ തലയ്ക്ക് നിരവധി തവണ വെട്ടേറ്റിരുന്നു. മാതാപിതാക്കളെ ആക്രമിച്ചശേഷം വീടിന്റെ രണ്ടാംനിലയിലേക്ക് കയറിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന നവജിത്ത് കുഴപ്പക്കാരനായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. നാട്ടുകാരുമായി ഇയാള്‍ക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിഞ്ഞതെന്നും സമീപവാസികളിലൊരാള്‍ പറഞ്ഞു.
കണ്ടുനില്‍ക്കാന്‍ കഴിയാത്തനിലയിലാണ് നടരാജന്റെ മൃതദേഹം കണ്ടതെന്ന് സംഭവസ്ഥലത്തെത്തിയ മറ്റൊരാളും പ്രതികരിച്ചു. ചോരയില്‍ കുളിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറഞ്ഞു. നവജിത്തിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവര്‍ അവരുടെ വീട്ടിലാണുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.


