കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. ജനുവരി 14 വെള്ളിയാഴ്ച പകല്‍ 11 മണിക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്കു മുകളില്‍ നക്ഷത്രം ഉദിക്കുമെന്നും നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തുമെന്നും ജയശങ്കര്‍ പരിഹസിച്ചു. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍ കോടതി ഈ മാസം 14 ന് വിധി പറയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പരിഹാസവുമായി ജയശങ്കറും രംഗത്ത് വന്നത്.
‘അവന്‍ വീണ്ടും വരുന്നു. വെളളി മേഘങ്ങള്‍ക്കു മീതെ അഗ്‌നി രഥത്തെ ഞാന്‍ കാണുന്നു. സത്യവിശ്വാസികളേ ഒരുങ്ങി കൊള്‍ക. ഉണര്‍വ്വുളള മണവാട്ടികളേ, ദീപങ്ങള്‍ കൊളുത്തുക. വിധി ദിവസം സമാഗതമാകുന്നു. ജനുവരി 14 വെള്ളിയാഴ്ച പകല്‍ 11 മണിക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്കു മുകളില്‍ നക്ഷത്രം ഉദിക്കും; നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍’, ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഫ്രാങ്കോയ്ക്കെതിരായ കേസില്‍ 2019 ഏപ്രില്‍ ഒമ്പതിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ വിസ്തരിച്ചു. 2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബലാത്സംഗക്കേസില്‍ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.